image

31 March 2022 1:47 PM IST

Banking

കേരള ഗ്രാമീണ്‍ ബാങ്കിന് 94.12 കോടി നല്‍കി: കെ.എന്‍ ബാലഗോപാല്‍

MyFin Desk

കേരള ഗ്രാമീണ്‍ ബാങ്കിന് 94.12 കോടി നല്‍കി: കെ.എന്‍ ബാലഗോപാല്‍
X

Summary

തിരുവനന്തപുരം : കേരള ഗ്രാമീണ്‍ ബാങ്കിന് അധിക മൂലധനമായി 94.12 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ബാങ്കിനായി പണം നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബാങ്കിന്റെ മൂലധന പര്യാപ്തത (CRAR) 6.95 ല്‍നിന്ന് 11 ശതമാനമായി ഉയര്‍ന്നു. അധിക മൂലധന നിക്ഷേപത്തിലൂടെ ബാങ്കിന്റെ വായ്പാ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാനാകുമെന്നും ഇത് കേരളത്തിലെ കാര്‍ഷിക, ചെറുകിട വ്യവസായ രംഗത്തും, സംരംഭക മേഖലയിലും ബാങ്കിന്റെ വായ്പാ നിക്ഷേപം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. […]


തിരുവനന്തപുരം : കേരള ഗ്രാമീണ്‍ ബാങ്കിന് അധിക മൂലധനമായി 94.12 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ബാങ്കിനായി പണം നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബാങ്കിന്റെ മൂലധന പര്യാപ്തത (CRAR) 6.95 ല്‍നിന്ന് 11 ശതമാനമായി ഉയര്‍ന്നു. അധിക മൂലധന നിക്ഷേപത്തിലൂടെ ബാങ്കിന്റെ വായ്പാ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാനാകുമെന്നും ഇത് കേരളത്തിലെ കാര്‍ഷിക, ചെറുകിട വ്യവസായ രംഗത്തും, സംരംഭക മേഖലയിലും ബാങ്കിന്റെ വായ്പാ നിക്ഷേപം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് 50 ശതമാനവും സ്പോണ്‍സര്‍ ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലെ ഓഹരി. മൂലധന പര്യാപ്തത ഒമ്പതു ശതമാനമായി നിലനിര്‍ത്താന്‍ ഓഹരി പൊതുവില്‍പ്പന വേണമെന്നും, സ്വകാര്യ പങ്കാളിത്തത്തിലൂടെ കടപ്പത്രം വഴിയോ മറ്റോ പണം സമാഹരിക്കണമെന്നുമൊക്കെ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണമുണ്ടായ സമയത്താണ് ബാങ്ക് പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത് നടപ്പിലായതോടെ ബാങ്കിലെ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം പൂര്‍ണതോതില്‍ നിലനിര്‍ത്താനായെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയിലെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പൊതുമേഖലാ സ്ഥപനമായി കേരള ഗ്രാമീണ ബാങ്കിനെ തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ സഹായകരമാകുന്നതാണ് ഈ ഇടപെടല്‍ എന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്.
15 ശതമാനം ഓഹരി ഉടമയായ സംസ്ഥാന സര്‍ക്കാര്‍ 91.75 കോടി രൂപ നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 634 ബ്രാഞ്ചുകളാണ് ബാങ്കിന് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന് പുറമേ 50 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാരും 35 ശതമാനം ഓഹരി സ്‌പോണ്‍സര്‍ ബാങ്കായ കാനറ ബാങ്കുമാണ് വഹിക്കുന്നത്. ഗ്രാമീണ മേഖയിലെ വികസനം സംബന്ധിച്ച പദ്ധതികളിലാണ് കേരള ഗ്രാമീണ്‍ ബാങ്ക് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും നിക്ഷേപമെത്തിയതോടെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.