image

18 Jun 2022 6:42 AM IST

Industries

5ജിയുടെ 'അധികാരികളാകാന്‍' ഗൂഗിളും മെറ്റയും: വിട്ടു കൊടുക്കാതെ ടെലികോം കമ്പനികള്‍

MyFin Desk

5ജിയുടെ അധികാരികളാകാന്‍ ഗൂഗിളും മെറ്റയും: വിട്ടു കൊടുക്കാതെ ടെലികോം കമ്പനികള്‍
X

Summary

5 ജി സ്‌പെക്ട്രം ലേലം ജൂലൈ 27ന് ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പിന് പിന്നാലെയാണ് ഇതിന്റെ ഡീലൈസന്‍സിംഗ് (നേരത്തെയുള്ള നിയന്ത്രണങ്ങളും ലൈസന്‍സുകളും നീക്കം ചെയ്തുകൊണ്ട് സമ്പദ് വ്യവസ്ഥ തുറക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാക്കുന്നതിനുമുള്ള നയം) ആവശ്യപ്പെട്ടുകൊണ്ട് ആഗോള ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ക്വാല്‍കോം, സിസ്‌കോ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത് ചര്‍ച്ചാ വിഷയമാകുന്നത്.  അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂന്നിയ മെറ്റാവേഴ്‌സ്, ഓഗ്മെന്റഡ് ആന്‍ഡ് വര്‍ച്വല്‍ റിയാലിറ്റി, 8കെ വീഡിയോ സ്ട്രീമിംഗ്, വൈഫൈ വഴിയുള്ള എച്ച്ഡി വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്ക് കൂടുതല്‍ […]


5 ജി സ്‌പെക്ട്രം ലേലം ജൂലൈ 27ന് ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പിന് പിന്നാലെയാണ് ഇതിന്റെ ഡീലൈസന്‍സിംഗ് (നേരത്തെയുള്ള നിയന്ത്രണങ്ങളും ലൈസന്‍സുകളും നീക്കം ചെയ്തുകൊണ്ട് സമ്പദ് വ്യവസ്ഥ തുറക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാക്കുന്നതിനുമുള്ള നയം) ആവശ്യപ്പെട്ടുകൊണ്ട് ആഗോള ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ക്വാല്‍കോം, സിസ്‌കോ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത് ചര്‍ച്ചാ വിഷയമാകുന്നത്. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂന്നിയ മെറ്റാവേഴ്‌സ്, ഓഗ്മെന്റഡ് ആന്‍ഡ് വര്‍ച്വല്‍ റിയാലിറ്റി, 8കെ വീഡിയോ സ്ട്രീമിംഗ്, വൈഫൈ വഴിയുള്ള എച്ച്ഡി വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്ക് കൂടുതല്‍ വ്യാപ്തി ലഭിക്കണമെങ്കില്‍ 6GHz ബാന്‍ഡ് (5925-7125 MHz) ഡീലൈസന്‍സ് ചെയ്യണമെന്നാണ് ടെക്ക് കോര്‍പ്പറേറ്റുകളുടെ വാദം.
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീലൈസന്‍സ് ചെയ്ത സ്‌പെക്ട്രത്തിന്റെ എണ്ണം ഇന്ത്യയില്‍ കുറവാണെന്നും നിലവിലുള്ള വൈഫൈ സ്‌പെക്ട്രത്തിന് പുത്തന്‍ സാങ്കേതികവിദ്യയിലൂന്നി സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നും ടെക് കമ്പനികള്‍ പറയുന്നു. എന്നാല്‍ ടെക്ക് ഭീമന്മാർ മുന്നോട്ട് വെക്കുന്ന വാദത്തില്‍ കഴമ്പില്ലെന്ന് രാജ്യത്തെ ടെലികോം കമ്പനികള്‍ പറയുന്നു. 3.3-3.6 GHz സ്‌പെക്ട്രത്തിന്റെ അതേ സവിശേഷതകളാണ് 6GHz ബാന്‍ഡിനുള്ളതെന്നും അതിനാല്‍ തന്നെ ലൈസന്‍സുള്ള ടെലികോം കമ്പനികളാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളായ യുഎസ് പോലുള്ളവയെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസംഖ്യയും മൊബൈല്‍ ഉപയോഗവും കൂടുതലാണെന്നും അതിനാല്‍ തന്നെ ഉയര്‍ന്ന സ്‌പെക്ട്രം ഉപയോഗം ടെലികോം കമ്പനികള്‍ക്കാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് ട്രാഫിക്കിന്റെ 97 ശതമാനവും 'മൊബൈല്‍ നെറ്റ്‌വര്‍ക്കി'ലൂടെയാണെന്നതാണ് വാസ്തവം. എന്നാല്‍ യുഎസ് ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളില്‍ ഇപ്പോഴും വയേര്‍ഡ് കണക്ഷനുകളിലൂടെയും നെറ്റ്‌വര്‍ക്ക് ഉപയോഗം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പെക്ട്രം സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. അതിനാലാണ് ചില ബാന്‍ഡ് വിഡ്ത്തിലുള്ള സ്‌പെക്ട്രം ഡീലൈസന്‍സ് ചെയ്യാന്‍ ഇത്തരം രാജ്യങ്ങളിലെ സര്‍ക്കാര്‍ തീരുമാനിച്ചത്.
5ജിയെ അടുത്തറിയാം
അദൃശ്യ വൈദ്യുത കാന്തിക റേഡിയോ തരംഗത്തെയാണ് സ്‌പെക്ട്രം എന്ന് പറയുന്നത്. റേഡിയോ, ടി വി സംപ്രേഷണത്തിന് മുതല്‍ റിമോട്ടിനും, ബ്ളുടൂത്തിനും, മൊബൈല്‍ ഫോണിനും ഒക്കെ ഇത് ഉപയോഗിക്കുന്നു. പരിമിതമായ അളവിലെ ഈ സ്പെക്ട്രം ഉള്ളു എന്നതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇത്. വൈഫൈക്കും, റിമോട്ടിനുമൊക്കെയുള്ള സ്പെക്ട്രം സര്‍ക്കാറുകള്‍ പൊതുവേ സൗജന്യമായി പൊതു ജനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ടി.വി സംപ്രേഷണത്തിനും, മൊബൈല്‍ ഫോണിനും ഒക്കെ ഉള്ളതിന് പണമടയ്ക്കണം.
വിവിധ ശ്രേണിയില്‍പ്പെട്ട സ്പെക്ട്രം പല ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. ടെലിവിഷന്‍ സംപ്രേക്ഷണം, സൈനികാവശ്യം എന്നിങ്ങനെയൊക്കെ ഉദാഹരണങ്ങളാണ്. എയര്‍ടെല്‍, ജിയോ, ഐഡിയ വോഡഫോണ്‍ എന്നിവര്‍ 5 ജി സേവനം നല്‍കാന്‍ തയ്യാറാവുകയാണ്. എയര്‍ടെല്‍ ഹുവായുമായി ചേര്‍ന്ന് ഹരിയാനയിലേ മനേസറിലാണ് ആദ്യ പരീക്ഷണം നടത്തിയത്. വിദേശ കമ്പനികളായ എറിക്സണും, സാംസങ്ങുമെല്ലാം ഇന്ത്യന്‍ സേവനദാതാക്കളുമായി കരാറിലേര്‍പ്പെട്ട് കഴിഞ്ഞു. എന്നാല്‍ കോവിഡും, ചൈനയുമായുള്ള നമ്മുടെ ബന്ധം വഷളായതും 5 ജി സാങ്കേതിക വിദ്യ നടപ്പിലാകാന്‍ തടസ്സമായി.
മൈക്രോ ചിപ്പ് മുതല്‍ പല തരം ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. വിദേശത്തെ സുഹൃദ് രാജ്യങ്ങളില്‍ നിന്ന് ഇവ സമാഹരിക്കാന്‍ ശ്രമിക്കവേയാണ് യുക്രൈനുമേലുള്ള റഷ്യന്‍ അധിനിവേശം ഉണ്ടായത്. ഇത് ലോകമൊട്ടാകെ വിതരണ ശൃംഖലയെ നന്നായി ബാധിച്ചു. കര്‍ണ്ണാടകത്തില്‍ മൈക്രോ ചിപ്പ് ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുവെങ്കിലും ഇതിന് സമയമെടുക്കും. 5 ജി സേവനം ലഭ്യമായ ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന ഇതിനൊടകം ആരംഭിച്ച് കഴിഞ്ഞു.
ഇപ്പോള്‍ സംഭവിക്കുന്നത്
72,000 മെഗാഹെട്സ് (72 ഗിഗാഹെട്സിലേറെ) എയര്‍വേവ്സ് ലേലത്തില്‍ വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌പെക്ട്രം ലേലം പിടിക്കുന്ന കമ്പനികള്‍ക്ക് 20 വര്‍ഷമാണ് കാലാവധി. 600 മെഗാഹെട്സ്, 700 മെഗാഹെട്സ്, 800 മെഗാഹെട്സ്, 900 മെഗാഹെട്സ്, 1,800 മെഗാഹെട്സ്, 2,100 മെഗാഹെട്സ്, 2,300 മെഗാഹെട്സ്, 3,300 മെഗാഹെട്സ് 26 ഗിഗാഹെട്സ് ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക. മൊത്തം സ്പെക്ട്രത്തിന്റെ മൂല്യം 5 ലക്ഷം കോടിയിലേറെ രൂപ വന്നേക്കുമെന്നാണ് സൂചന.
നിലവില്‍ ലഭ്യമായ 4ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഡാറ്റ നല്‍കാന്‍ 5ജിയ്ക്ക് സാധിച്ചേക്കുമെന്നു കരുതുന്നു. ഇലേലം ആയിരിക്കും നടത്തുക. ഇത് പല ഘട്ടങ്ങളായിട്ടായിരിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം ആയിരിക്കും ലേലം സംഘടിപ്പിക്കുക. ജൂലൈ 26ന് 5ജി ലേലം നടക്കുമെങ്കിലും മിക്കയിടത്തും 5ജി കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.
രണ്ടു തരത്തിലുള്ള 5ജി ആയിരിക്കും ലഭിക്കുക. ആദ്യത്തേത് സബ്-6 ഗിഗാഹെട്സ് 5ജി ആയിരിക്കും. ഇതിന് താരതമ്യേന സ്പീഡു കുറവായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ഇത് പ്രക്ഷേപണം ചെയ്യാന്‍ സാധിക്കും. ഇതിനു പരമാവധി 500 എംബിപിഎസ് സ്പീഡ് വരെയാണ് ലഭിക്കുകയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.