image

4 Aug 2025 2:26 PM IST

Agriculture and Allied Industries

വിള ഇന്‍ഷുറന്‍സ്: കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് കേന്ദ്രം

MyFin Desk

centre to ensure crop insurance for farmers
X

Summary

വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതല്‍ കേരളത്തില്‍


കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാകും.

കേരളത്തിലാണ് വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതലുള്ളത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള 45 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. കെസിസി അക്കൗണ്ടുള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 12,000 പേര്‍മാത്രമാണ്. വായ്പ എടുക്കുന്ന ഘട്ടത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇന്‍ഷുറന്‍സിനുള്ള വിവരംകൂടി നല്‍കണമെന്നാണ് നിയമം. ഇതില്‍ ബാങ്കുകള്‍ വീഴ്ച്ച വരുത്തിയിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സിന് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കുകയായിരുന്നു.

ഇങ്ങനെ ചെയ്യുന്ന കര്‍ഷകര്‍ വായ്പയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സില്‍ ബാങ്ക് ചേര്‍ക്കേണ്ടതില്ലെന്ന ഓപ്ഷന്‍ ഔട്ട് ഫോം നല്‍കിയാല്‍ മതി. എന്നാല്‍ കേരളത്തിലെ ബാങ്കുകള്‍ വായ്പ അപേക്ഷയ്‌ക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകനില്‍നിന്ന് ഒപ്പിട്ട് വാങ്ങിക്കുന്നുവെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ ഉത്തരവ് പ്രകാരം 27 വിളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റബ്ബര്‍, തെങ്ങ്, മഞ്ഞള്‍, നെല്ല്, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക്, കവുങ്ങ് ഉള്‍പ്പെടെയുള്ള വിളകള്‍ ഇതില്‍പ്പെടും. കാലാവസ്ഥാ വ്യതിയാനത്താല്‍ വിളനാശമുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കും.

സംസ്ഥാനത്ത് ആകെ 45 ലക്ഷം കര്‍ഷകരാണുള്ളത്. 2016 മുതല്‍ 600കോടിയാണ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഈ വര്‍ഷം പദ്ധതിയില്‍ ചേരാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.