27 Sept 2025 7:01 PM IST
ഉത്സവ സീസണ്‍ ആരംഭിച്ചതോടെ കൊട്ടത്തേങ്ങ വില ഉയര്‍ന്നു
Swarnima Cherth Mangatt
Summary
പൂജ ആവശ്യത്തിനാണ് കൊട്ടത്തേങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്
ഒരു വര്‍ഷത്തിനിടയില്‍ കൊട്ടത്തേങ്ങയുടെ വില ഇരട്ടിയായിരിക്കുകയാണ്. സാധാരണ വലിയ നിലയില്‍ വില ഉയരാത്ത കൊട്ടത്തേങ്ങയ്ക്ക് മാസങ്ങളായി നല്ല വിലയാണു ലഭിക്കുന്നത്. 30,000 രൂപയാണ് ആയിരം കൊട്ടത്തേങ്ങയുടെ വില കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പല വിപണികളിലും രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 14,000 രൂപയായിരുന്നു. പൂജ ആവശ്യത്തിനാണ് കൊട്ടത്തേങ്ങ ഉപയോഗിക്കുന്നത്. മുഖ്യമായും ഉത്തരേന്ത്യയിലേക്കാണു കയറ്റുമതി.
ഒരു കൊട്ടത്തേങ്ങയ്ക്കു 30 രൂപയാണ് വില. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. ഓഗസ്റ്റില്‍ 26,000 രൂപയായിരുന്നത് മാസാദ്യം 28,500 രൂപയായി ഉയര്‍ന്നു. ആദ്യ ആഴ്ചയില്‍ 31,500 രൂപ വരെ എത്തി. കഴിഞ്ഞ ഒക്ടോബറില്‍ 11,250 രൂപയും നവംബറില്‍ 13,500 രൂപയുമായി താഴ്ന്നിരുന്നു. 2025 ഏപ്രിലില്‍ 20,000 രൂപയായത് ജൂണില്‍ 28,000 രൂപയും ജൂലൈയില്‍ 29,000 രൂപയുമായി.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു കൊട്ടത്തേങ്ങയും സംസ്ഥാനത്ത് കൂടുതലായി എത്തുന്നുണ്ട്. ഇത് വില ഇടിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.