6 Aug 2025 11:30 AM IST
അഞ്ച് വര്‍ഷത്തിനുള്ളില്‍ പാല്‍ സംഭരണം 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം
MyFin Desk
Summary
ക്ഷീര മേഖലയില്‍ 2 ലക്ഷം മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കുന്നു
സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാല്‍ സംഭരണം 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീര മേഖലയില്‍ 2 ലക്ഷം മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് ഷാ വ്യക്തമാക്കി. ഈ സംരംഭത്തിന് കീഴില്‍ ഇതുവരെ 35,395 പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
ധവള വിപ്ലവം 2.0 പ്രകാരം, ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 15,691 പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും നിലവിലുള്ള 11,871 എണ്ണം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി കേന്ദ്ര സഹകരണ മന്ത്രികൂടിയായ അമിത് ഷാ പറഞ്ഞു.
ക്ഷീര സഹകരണ സംഘങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും (എന്‍ഡിഡിബി) 15 സംസ്ഥാനങ്ങളിലായി 25 മില്‍ക്ക് യൂണിയനുകളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കര്‍ഷകരുടെ ജൈവ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവ നാഷണല്‍ കോഓപ്പറേറ്റീവ് ഓര്‍ഗാനിക് ലിമിറ്റഡ് കൈകാര്യം ചെയ്യുന്നു, അതുവഴി മികച്ച വില ഉറപ്പാക്കുന്നു.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ ലാഭവും കര്‍ഷകര്‍ക്കാണ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പിഎസിഎസ്), ക്ഷീര, മത്സ്യബന്ധന, സഹകരണ ബാങ്കുകള്‍, പഞ്ചസാര സഹകരണ സംഘങ്ങള്‍, ഭരണ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം 100-ലധികം സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍, നയ മാറ്റങ്ങള്‍, സാമ്പത്തിക സഹായം, സ്ഥാപനപരമായ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം