29 Jun 2024 10:28 AM IST
മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നു; കാര്‍ഷിക മേഖലയില്‍ ഉണര്‍വ്
MyFin Desk
Summary
- ഖാരിഫ് വിളകളുടെ വിത്ത് വിതയ്ക്കല്‍ ആരംഭിച്ചു
- പയറുവര്‍ഗ്ഗങ്ങള്‍ക്കായുള്ള കൃഷിയുടെ വിസ്തൃതിയില്‍ വര്‍ധന
ഈ വര്‍ഷം നല്ല മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തുടനീളം ഖാരിഫ് വിളകളുടെ വിത്ത് വിതയ്ക്കല്‍ മികച്ച രീതിയില്‍ ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വരെ വലിയ മഴക്കുറവായിരുന്നു രാജ്യത്ത് അനുഭവപ്പെട്ടിരുന്നത്.ഇപ്പോള്‍ മഴ ശക്തിപ്രാപിച്ചു വരികയാണ്. അടുത്ത കുറച്ച് ദിവസങ്ങളില്‍ മണ്‍സൂണ്‍ രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പയറുവര്‍ഗങ്ങളിലും എണ്ണക്കുരുക്കളിലുമാണ് ഏറ്റവും വലിയ നേട്ടമുണ്ടായത്. മികച്ച ഡിമാന്‍ഡ് കാരണം കര്‍ഷകര്‍ ഈ വര്‍ഷവും മികച്ച വില പ്രതീക്ഷിക്കുന്നു.
ഈ ഖാരിഫ് സീസണില്‍ വിജയകരമായ പയര്‍വര്‍ഗ്ഗങ്ങളും എണ്ണക്കുരു വിളകളും ഭക്ഷ്യ വിലക്കയറ്റത്തെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കും.
പയറുവര്‍ഗ്ഗങ്ങള്‍ക്കായുള്ള കൃഷിയുടെ വിസ്തൃതിയിലും എണ്ണക്കുരുക്കള്‍ക്കുള്ള പ്രദേശത്തും വര്‍ധനവുണ്ടായതായി ആദ്യകാല ഡാറ്റ കാണിക്കുന്നു.
എതാനും ദിവസങ്ങള്‍ക്കുമുന്‍പുവരെ ഏകദേശം 19 ശതമാനം മഴക്കുറവാണ് രാജ്യത്ത് ഉണ്ടായിരുന്നത്. സ്ഥിതി ക്രമേണ മാറിവരുകയാണ്. ഇക്കുറി ലാ നിന പ്രതിഭാസം മൂലം മഴകൂടുതല്‍ ലഭിക്കുമെന്ന പ്രവചനങ്ങള്‍ കാര്‍ഷികമേഖലക്ക് ആവേശം പകരുന്നു. എന്നാല്‍ അതിതീവ്രമഴയായി അത് പരിണമിച്ചാല്‍ കൃഷി താളം തെറ്റുകയും ചെയ്യും.