21 May 2025 4:39 PM IST
പൊട്ടിക്കരഞ്ഞ് ഉള്ളി കര്‍ഷകര്‍; മഹാരാഷ്ട്രയില്‍ വിലയിടിഞ്ഞു
MyFin Desk
Summary
- ഈ മാസം ഉള്ളി മൊത്തവില 7-17 രൂപ എന്ന നിരക്കിലായി
- ഫെബ്രുവരിയില്‍ ഇത് 35-40 രൂപയായിരുന്നു
- ഉള്ളിയുടെ ചില്ലറവിലയും ഇടിഞ്ഞിട്ടുണ്ട്
മികച്ച വിളവും പെട്ടെന്നുള്ള അമിത വിതരണവും കാരണം മഹാരാഷ്ട്രയിലെ മൊത്ത, ചില്ലറ വിപണികളില്‍ ഉള്ളി വില കുത്തനെ ഇടിഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നെങ്കിലും കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലായി.
മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലേക്കുള്ള ഉള്ളിയുടെ പ്രധാന വിതരണക്കാരായ നവി മുംബൈയിലെ എപിഎംസിയില്‍ ഫെബ്രുവരിയില്‍ കിലോഗ്രാമിന് 35-40 രൂപയായിരുന്ന മൊത്തവില മെയ് മാസത്തില്‍ വെറും 7-17 രൂപയായി താഴ്ന്നു.
ചില്ലറ വിപണികളിലും സമാനമായ പ്രവണതകള്‍ പ്രതിഫലിക്കുന്നു. വില കിലോഗ്രാമിന് 45 രൂപയില്‍ നിന്ന് 25 രൂപ മുതല്‍ 30 രൂപ വരെയായി കുറഞ്ഞു. ചില പ്രദേശങ്ങളില്‍, ഉപഭോക്താക്കള്‍ കിലോഗ്രാമിന് 7 രൂപ വരെ വിലയ്ക്ക് ഉള്ളി വാങ്ങുന്നു.
എങ്കിലും, വിലയിലെ അവ്യക്തത മുതലെടുത്ത് ചെറുകിട ചില്ലറ വ്യാപാരികള്‍ ഇപ്പോഴും ചില പോക്കറ്റുകളില്‍ കൂടുതല്‍ വില ഈടാക്കുന്നു. ഉള്ളി വില ഇനിയും കുറയുമെന്നാണ് പ്രമുഖ വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.വിതരണം തുടര്‍ച്ചയായി നടക്കുന്നുണ്ടെങ്കിലും ആവശ്യം ഉയര്‍ന്നിട്ടില്ലെന്നതും ഒരു കാരണമാണ്.
2024 ല്‍ കര്‍ഷകര്‍ക്ക് ഉള്ളിക്ക് നല്ല വില ലഭിച്ചു. ലാഭം പ്രതീക്ഷിച്ച് ഈ സീസണില്‍ കൃഷി വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായി. ഉത്പാദനം ഏകദേശം ഇരട്ടിയായി. സാധാരണയായി, 90 മുതല്‍ 100 വരെ ട്രക്കുകളാണ് വാശി എപിഎംസിയില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ അത് എല്ലാ ദിവസവും 170 ല്‍ അധികമായി.
മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളില്‍ കാലം തെറ്റി പെയ്ത മഴയില്‍ സംഭരിച്ച ഉള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായി. സംഭരിച്ചിരിക്കുന്ന ഉള്ളി കര്‍ഷകര്‍ ഉടനടി വിപണികളിലേക്ക് എത്തിച്ചു.നാസിക്, അഹമ്മദ്നഗര്‍, സംഗംനര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും ഉള്ളി എത്തുന്നത്.
വില സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഏപ്രിലില്‍ കേന്ദ്രം ഉള്ളിയുടെ 20% കയറ്റുമതി തീരുവ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ വില തകര്‍ച്ച തടയാന്‍ ഈ നീക്കം വളരെ വൈകിയതാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.ചെലവുകള്‍ വര്‍ദ്ധിക്കുകയും ലാഭം കുറയുകയും ചെയ്യുന്നതിനാല്‍ ഉള്ളി കര്‍ഷകരുടെ ദുരിതം വര്‍ധിക്കുകയാണ്.