image

14 Jan 2022 12:26 PM IST

Automobile

റെനോ, വേഗതയെ പ്രണയിച്ച വാഹനം

MyFin Desk

റെനോ, വേഗതയെ പ്രണയിച്ച വാഹനം
X

Summary

120 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേഗതയെ പ്രണയിച്ച, ഫ്രാന്‍സിലെ മൂന്ന് സഹോദരന്‍മാര്‍ ലോകത്തിലെ റെയ്‌സിങ് ട്രാക്കുകള്‍ കീഴടക്കുന്നത് സ്വപ്നം കണ്ടു.


120 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേഗതയെ പ്രണയിച്ച, ഫ്രാന്‍സിലെ മൂന്ന് സഹോദരന്‍മാര്‍ ലോകത്തിലെ റെയ്‌സിങ് ട്രാക്കുകള്‍ കീഴടക്കുന്നത് സ്വപ്നം കണ്ടു. ഇതിനായി സ്വന്തമായി കാറുകള്‍ നിര്‍മിക്കാനായിരുന്നു ആലോചന. ഇവരില്‍ രണ്ടുപേര്‍ ചേര്‍ന്ന് 1890 കളില്‍ ഒരു കമ്പനി ആരംഭിച്ചു. റെനോ ഫ്രറെസ്. മാര്‍സല്‍ റെനോള്‍ട്ട്, ഫെര്‍ണാണ്ട് റെനോള്‍ട്ട്, ലൂയി റെനോള്‍ട്ട് എന്നിവരായിരുന്നു ആ മൂന്നു സഹോദരര്‍. മാര്‍സലും ഫെര്‍ണാണ്ടും ഉടമകളായപ്പോള്‍ ലൂയി പക്ഷെ കമ്പനിയുടെ ഉടമയാകാതെ വെറുമൊരു തൊഴിലാളിയായി. മികച്ച കരുത്തേറിയ ഡിസൈനുകള്‍ വാര്‍ത്തെടുക്കാന്‍ തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കണമെന്നായിരുന്നു നല്ലൊരു റെയ്‌സര്‍ കൂടിയായ ലൂയിയുടെ നിലപാട്.

റെനോ വോയിറ്ററാറ്റാണ് ആദ്യമായി റെനോ (Renault) നിര്‍മിച്ച വാഹനം. ലൂയി ഡൈസൈന്‍ ചെയ്ത കാര്‍ പങ്കെടുത്ത ആദ്യത്തെ റെയ്‌സിങ്ങില്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആ ഒറ്റമത്സരം റെനോയുടെ തലവരയും മാറ്റിയെഴുതി. 71 ഓര്‍ഡറുകളാണ് അന്ന് മാത്രം റെനോയ്ക്ക് ലഭിച്ചത്. 1898 ക്രിസ്മസ് രാവില്‍ പാരീസിലെ മോണ്ടിമാര്‍ട്രേ കുന്നിലേക്കുള്ള പുരാതന റോഡായ റൂ ലെപിക്കെയിലൂടെ വോയിറ്ററാറ്റുമായി ലൂയി നടത്തിയ സാഹസിക യാത്ര വിപ്ലവമായി. റെനോ കാറിന്റെ കരുത്തും സാങ്കേതികമികവും വെളിപ്പെടുത്തുന്നതായിരുന്നു ആ സാഹസികയാത്ര. ഡയറക്ട് ഡ്രൈവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വാഹനത്തിലെ ഗിയര്‍ ബോക്‌സ് തന്നെയായിരുന്നു വോയിറ്റററ്റിന്റെ സവിശേഷത.

1902 ല്‍ ആദ്യത്തെ ടു സിലിണ്ടര്‍ എഞ്ചിന്‍ റെനോ വികസിപ്പിച്ചെടുത്തു. 4 സിലിണ്ടര്‍ എഞ്ചിന്‍ തയ്യാറാക്കുന്നത് ലക്ഷ്യം വെച്ചുള്ള ബേസിക്ക് മൊഡ്യൂള്‍ കൂടിയായിരുന്നു അത്. എഞ്ചിന്‍ ഘടിപ്പിച്ച് ലൈറ്റ് വെയിറ്റ് കാറില്‍ പാരിസ് വിയന്ന റേസില്‍ മാര്‍സല്‍ റെനോ വെന്നിക്കൊടിപാറിച്ചു. പിന്നീടിങ്ങോട്ട് പാരീസിലേയും യൂറോപ്പിലേയുമെല്ലാം ഗ്രാന്റ് പ്രിയടക്കമുള്ള കാറോട്ട മത്സരങ്ങളില്‍ പലകുറിയാണ് റെനോയുടെ കാറുകള്‍ പോഡിയമണഞ്ഞത്.

ഒന്നാം ലോകമഹായുദ്ധക്കാലത്ത് എല്ലാ കാര്‍ നിര്‍മാതാക്കളേയും പോലെ റെനോയ്ക്കും യുദ്ധമുഖത്തേക്ക് വേണ്ടുന്ന വാഹനങ്ങളും യന്ത്രങ്ങളും നിര്‍മിച്ചുനല്‍കേണ്ടി വന്നു. ഫ്രഞ്ച് ആര്‍മിക്ക് വേണ്ടി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ആംബുലന്‍സുകളും വിമാന എഞ്ചിനുകളും ഷെല്ലുകളുമെല്ലാം റെനോ നിര്‍മിച്ചു നല്‍കി. മാര്‍നെയിലെ യുദ്ധമുഖത്തേക്ക് 4000 സൈനികരെ എത്തിക്കുന്നതിനായി റെനോ പ്രത്യേകം ടാക്‌സി വാഹനങ്ങള്‍ തന്നെ നിര്‍മിച്ചു. പില്‍ക്കാലത്ത് മര്‍ന ടാക്‌സി എന്നപേരില്‍ പ്രസിദ്ധമായി റെനോയുടെ ടൈപ്പ് എജി എന്ന ആ വാഹനം.

1924 ലാണ് ഡയമണ്ടിന്റെ ആകൃതിയിലുള്ള ലോഗോ റെനോ ആദ്യമായി ഉപയോഗിച്ചത്. 40 സിവി ടൈപ്പ് എന്‍ എം സെഡാന്‍ കാറിലാണ് ആദ്യമായി ഈ ലോഗോ ഉപയോഗിച്ചത്. 1945 ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട റെനോ അപ്പൊഴും റെയ്‌സിങ് ട്രാക്കുകളില്‍ സജീവമായിരുന്നു. എഞ്ചിനുകളില്‍ പരീക്ഷണം നടത്തി കാലോചിതമായി പരിഷ്‌ക്കരിച്ചാണ് ഓരോ വാഹനങ്ങളും റെനോ പുറത്തെത്തിച്ചത്. ഫ്രാന്‍സിന് പുറത്ത് പലരാജ്യങ്ങളിലും റെനോ പ്ലാന്റുകള്‍ തുറന്ന് വിപണി യൂറോപ്പിന് പുറത്തേക്കും വികസിപ്പിച്ചു.

റെയ്‌സുകളിലെ തുടര്‍ച്ചയായ വിജയവും സ്‌പോര്‍ട്‌സ് കാറുകളോടുള്ള താല്‍പര്യവും റെനോ സ്‌പോര്‍ട് എന്ന പ്രത്യേക വിഭാഗം തുടങ്ങുന്നതിലേക്കാണ് നയിച്ചത്. ആല്‍പൈന്‍, ഗോര്‍ഡിനി എന്നിവയുടെ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസും കൂടിച്ചേര്‍ത്താണ് റെനോ സ്‌പോര്‍ട് എന്നതിന് തുടക്കമിട്ടത്. ഇതിനുകീഴിലാണ് ഫോര്‍മുല വണ്ണിലടക്കം നിരവധി തവണ റെനോ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ ആദ്യമായി ടര്‍ബോ എഞ്ചിന്‍ അവതരിപ്പിച്ചതും റെനോയാണ്. 1977 ല്‍ ആര്‍ എസ് 01 എന്ന ഫോര്‍മുല വണ്‍ കാറിലായിരുന്നു വിപ്ലവകരമായ പരീക്ഷണം
റെനോ നടത്തിയത്.

ദേശസാല്‍ക്കരണത്തിന് ശേഷം 1990 ല്‍ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി റെനാ മാറി. റെനോയുടെ സ്വകാര്യവത്ക്കരണം 1996 ലാണ് യാഥാര്‍ത്ഥ്യമായത്. സ്വകാര്യവത്ക്കരണത്തോടെ വിവിധ രാജ്യങ്ങളില്‍ പുതിയ ഫാക്ടറികളും വിപണികളും റെനോ കണ്ടെത്തി. 90 കളില്‍ ഫോര്‍മുല വണ്ണില്‍ വലിയ നേട്ടങ്ങളാണ് റെനോ സ്വന്തമാക്കിയത്. 92 ല്‍ ഫോര്‍മുല വണ്ണില്‍ ചാമ്പ്യന്‍ മാനുഫാക്ച്ചര്‍ ആയി മാറിയ റെനോയുടെ ഡ്രൈവര്‍മാര്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കുകയും പലകുറി വിജയികളുടെ പോഡിയം കയറുകയും ചെയ്തു.

റഷ്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ അവ്‌റ്റോവാസിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് റഷ്യന്‍ മാര്‍ക്കറ്റിലേക്ക് റെനോ പ്രവേശിച്ചത്. മിത്സുബിഷി, നിസാന്‍ എന്നിവയുമായി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ട റെനോ ഏഷ്യന്‍ വിപണികളിലും സജീവമായി. സാങ്കേതിക വിദ്യയ്‌ക്കൊപ്പം സര്‍വ്വീസുകളിലും വിപണി പങ്കിടലിലും മൂവരും ചേര്‍ന്നുള്ള സഹകരണം ഉറപ്പുവരുത്തി.

ഇന്ത്യയില്‍ നിസാനുമായി ചേര്‍ന്നാണ് റെനോ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. സാധാരണക്കാരനെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ചെറുകാര്‍ റെനോ ക്വിഡ് വിലകൊണ്ടും മികവുകൊണ്ടും വേഗത്തില്‍ തന്നെ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റി. പള്‍സ്, ലോഡ്ജി, എസ് യു വി കളായ ഡസ്റ്റര്‍, ട്രിബര്‍ തുടങ്ങിയവയെല്ലാം ഇന്ത്യന്‍ വിപണിയില്‍ റെനോയ്ക്ക് ഇടം കണ്ടെത്തികൊടുത്ത വാഹനങ്ങളാണ്.