9 July 2023 12:43 PM IST
Summary
- പുതിയ വാഹനങ്ങളുമായി വിപണി കീഴടക്കുക റെനോയുടെ ലക്ഷ്യം
- ഒരു ഇലക്ട്രിക് വാഹനവും പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നു
- എസ് യു വി വിഭാഗത്തിലേക്കുള്ള പുനഃപ്രവേശം നിരവധി പുതുമകളോടെ
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 2025-ഓടെ രാജ്യത്ത് മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്ന ഇടത്തരം എസ് യു വി സെഗ്മെന്റിലേക്ക് വീണ്ടും പ്രവേശിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ റെനോ ആഭ്യന്തര വിപണിയില്‍ മൂന്ന് മോഡലുകള്‍ വില്‍ക്കുന്നു. 2025ല്‍ എത്തുന്ന മൂന്ന് മോഡലുകളില്‍ ഒന്ന് ഒരു ഇലക്ട്രിക് വാഹനമായിരിക്കും.
നിരവധി പുതുമകളോടെയാണ് ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ കമ്പനി ശ്രമിക്കുന്നതെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമിലാപ്പല്ലെ വാര്‍ത്താ ഏജല്‍സിയോട് പറഞ്ഞു. നിലവില്‍ ക്വിഡ്, ട്രൈബര്‍, കിഗര്‍ എന്നീ മൂന്ന് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.
'മൂന്ന് (നിലവിലുള്ള മോഡലുകള്‍) തുടരും... തുടര്‍ന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വരും.. അടിസ്ഥാനപരമായി 4.3 മീറ്റര്‍ നാല് പ്ലസ് മീറ്റര്‍ വിഭാഗത്തിലേക്ക് ഞങ്ങള്‍ പോകും,' അദ്ദേഹം പറഞ്ഞു. ക്രെറ്റ, സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ നിരവധി മികച്ച മോഡലുകളുള്ള സെഗ്മെന്റിലേക്ക് കമ്പനി പ്രവേശിക്കും.ഒരുപാട് പുതുമകളോടെ ഞങ്ങളും ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കും. പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡസ്റ്ററിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു.
2025 ഓടെ റെനോ ഇന്ത്യക്ക് ഏകദേശം ആറോളം ഉല്‍പ്പന്നങ്ങള്‍ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടാകുമെന്നും വെങ്കട്ട് റാം പറഞ്ഞു. 2030 വരെ, ഞങ്ങള്‍ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഉല്‍പ്പന്നം ഡസ്റ്ററിന്റെ അടുത്ത തലമുറയായിരിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം പറഞ്ഞു: 'ഡസ്റ്റര്‍ ഒരു കൗതുകകരമായ വാഹനമാണ്, അതാണ് റെനോ ഇന്ത്യയില്‍ വരാനുള്ള പ്രചോദനം. ഞങ്ങള്‍ ഡസ്റ്ററിനെ തിരികെ വിളിക്കുമോ എന്ന് എനിക്കറിയില്ല. അല്ലെങ്കില്‍ ഡസ്റ്റര്‍ മാറ്റിസ്ഥാപിക്കല്‍. അല്ലെങ്കില്‍ നിങ്ങള്‍ അതിനെ എന്ത് വിളിച്ചാലും. പക്ഷേ ഞങ്ങള്‍ ആ സെഗ്മെന്റിലേക്ക് കടക്കുകയാണ്.'വിപണിയിലെ എസ്യുവി വിഭാഗത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് മാര്‍ക്കറ്റിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത് വരെ, ഡീലര്‍ഷിപ്പുകള്‍ ലാഭകരമായി നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണെന്ന് വെങ്ക്ട്ട് റാം പറഞ്ഞു. 'ഈ സമയത്ത് അവരെ (ഡീലര്‍മാര്‍) നോക്കേണ്ടത് അത്യാവശ്യമാണ്, ഞങ്ങള്‍ അത് ചെയ്യുന്നു'.
ഫെബ്രുവരിയില്‍ റെനോ-നിസാന്‍ സഖ്യം രാജ്യത്ത് ഏകദേശം 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ട് ആഗോള ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ രണ്ട് കമ്പനികള്‍ക്കിടയില്‍ ആറ് പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് പുതിയ നിക്ഷേപങ്ങളുടെ ലക്ഷ്യം.