image

15 Sept 2025 2:05 PM IST

Automobile

കഴിഞ്ഞമാസം കാര്‍വില്‍പ്പന ഇടിഞ്ഞു; ഇരുചക്ര വാഹനങ്ങള്‍ക്ക് നേട്ടം

MyFin Desk

കഴിഞ്ഞമാസം കാര്‍വില്‍പ്പന ഇടിഞ്ഞു;  ഇരുചക്ര വാഹനങ്ങള്‍ക്ക് നേട്ടം
X

Summary

ഗ്രാമീണ മേഖലയിലെ ആവശ്യകത ഇരുചക്ര വാഹന വില്‍പ്പനക്ക് കരുത്തായി


കഴിഞ്ഞമാസം കാര്‍വില്‍പ്പന കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതേസമയം ഇരുചക്ര വാഹന വില്‍പ്പന സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.

നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് അയക്കുന്ന ചെയ്യുന്ന യൂണിറ്റുകളുടെ എണ്ണമായ പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ഓഗസ്റ്റില്‍ 321,840 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 352,921 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റില്‍ ഇരുചക്ര വാഹന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 1,833,921 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 1,711,662 യൂണിറ്റായിരുന്നു. ഗ്രാമീണ മേഖലയിലെ ആവശ്യകതയും ഉത്സവ സീസണിലെ വാങ്ങലുമാണ് ഈ വിഭാഗത്തിന്റെ മികച്ച പ്രകടനത്തിന് കാരണമായത്. ഈ വിഭാഗത്തില്‍, സ്‌കൂട്ടര്‍ വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 683,397 യൂണിറ്റായപ്പോള്‍, മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 4 ശതമാനം വര്‍ധിച്ച് 1,106,638 യൂണിറ്റായി.

കഴിഞ്ഞമാസം മുച്ചക്ര വാഹന വില്‍പ്പന റെക്കോര്‍ഡ് പ്രകടനം കാഴ്ചവച്ചു, 75,759 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 69,962 യൂണിറ്റായിരുന്നു, 8 ശതമാനം വര്‍ധന രേഖപ്പെടുത്തി.

യാത്രാ വാഹന മാന്ദ്യമുണ്ടായിട്ടും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വളര്‍ച്ച മൊത്തത്തിലുള്ള വില്‍പ്പന സന്തുലിതമാക്കാന്‍ സഹായിച്ചതായി സിയാം പറഞ്ഞു.

ഉപഭോക്തൃ വികാരം ദുര്‍ബലമായതിനാല്‍ വാഹന നിര്‍മാതാക്കള്‍ കയറ്റുമതി പുനഃക്രമീകരിച്ചതാണ് കാര്‍ വില്‍പ്പനയിലെ ഇടിവിന് കാരണമെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) കുറച്ചതിനെത്തുടര്‍ന്ന് വില കുറയുമെന്ന പ്രതീക്ഷയില്‍ നിരവധിപേര്‍ വാങ്ങലുകള്‍ മാറ്റിവച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ചെറുകാറുകള്‍, 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു. ഇതിനെത്തുടര്‍ന്ന്, നിരവധി വാഹന നിര്‍മാതാക്കള്‍ വാഹനങ്ങളുടെ വില പരിഷ്‌കരിച്ചു. ഈ നികുതി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറി. പ്രഖ്യാപനത്തെത്തുടര്‍ന്ന് വില കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വാഹന വാങ്ങലുകളിലെ മാന്ദ്യത്തിന് കാരണമെന്ന് വ്യവസായ സംഘടനകള്‍ വിശ്വസിക്കുന്നു.

1,200 സിസിയും 1,500 സിസിയും വരെയുള്ള എഞ്ചിനുകളുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് 18 ശതമാനം നികുതി ചുമത്തും, അതേസമയം വലിയ എഞ്ചിനുകള്‍ക്ക് 40 ശതമാനം എന്ന ഉയര്‍ന്ന സ്ലാബ് ബാധകമാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനം ഇളവ് നികുതി തുടരും.