image

18 Sept 2025 3:19 PM IST

Automobile

ഇന്തോ-ചൈന ബന്ധം പഴയപടി; കാര്‍ കമ്പനി ഇന്ത്യ വിട്ടേക്കും

MyFin Desk

ഇന്തോ-ചൈന ബന്ധം പഴയപടി;  കാര്‍ കമ്പനി ഇന്ത്യ വിട്ടേക്കും
X

Summary

അപൂര്‍വ ലോഹങ്ങള്‍ വാങ്ങുന്നതിന് ചൈനയുടെ അനുമതിക്കായി ഇപ്പോഴും ഇന്ത്യ കാത്തിരിക്കുന്നു


പ്രധാനമന്ത്രിയുടെ ചൈനാസന്ദര്‍ശനത്തിനുശേഷവും അയവില്ലാതെ ബെയ്ജിംഗ്. ഏഷ്യന്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷം ബിസിനസിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോഴും പുറത്തുവരുന്നത്. ഇന്ത്യയിലെ കാര്‍ സംരംഭത്തിലെ ഓഹരികള്‍ വെട്ടിക്കുറയ്ക്കാനും പുതിയ നിക്ഷേപങ്ങള്‍ മരവിപ്പിക്കാനുമുള്ള തീരുമാനം അതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

ചൈനയിലെ എസ്എഐസി മോട്ടോര്‍ ആണ് ഇത്തരമൊരു നീക്കം നടത്തിയത്. ചെനയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓട്ടോ കമ്പനികളിലൊന്നാണ് ഇത്. പ്രാദേശിക കമ്പനിയായ ജെഎസ്ഡബ്ല്യുവുമായാണ് എസ്എഐസി സഹകരണത്തിലേര്‍പ്പെട്ടത്. ഇന്ത്യന്‍ സംയുക്ത സംരംഭത്തിലെ 49 ശതമാനം ഓഹരികള്‍ വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ നിക്ഷേപം നിര്‍ത്തുകയും ചെയ്യുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.പക്ഷേ കമ്പനി ഇന്ത്യയില്‍നിന്ന് പിന്മാറില്ല.

ഇന്ത്യ അയല്‍ക്കാരില്‍ നിന്നുള്ള നിക്ഷേപത്തിന് പരിധി ഏര്‍പ്പെടുത്തിയതിന് ശേഷമാണ് എസ്എഐസിയുടെ തീരുമാനം. ഈ തീരുമാനം ഇന്ത്യ പുനപരിശോധിക്കാനിരിക്കുകയാണ്.

കഴിഞ്ഞ മാസം ഇന്ത്യ-ചൈനീസ് നേതാക്കള്‍ ബന്ധം ലഘൂകരിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മെച്ചപ്പെട്ട ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ത്തി. എന്നാല്‍ അതിനുശേഷം പുരോഗതിയുടെ സൂചനകളൊന്നുമുണ്ടായില്ല. ഉദാഹരണത്തിന് ഇന്ത്യന്‍ ഓട്ടോ കമ്പനികള്‍ ചൈനയില്‍ നിന്ന് അപൂര്‍വ എര്‍ത്ത് ഖനികള്‍ വാങ്ങുന്നതിന് ചൈനയുടെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.

എസ്എഐസി ഇന്ത്യയില്‍ നിന്ന് പിന്മാറുന്നില്ല, പക്ഷേ ജെഎസ്ഡബ്ല്യു എംജി മോട്ടോറിലെ തങ്ങളുടെ ഓഹരികള്‍ ഗണ്യമായി കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സംരംഭത്തിനായി സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് തുടരുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാകുന്നതിനായി എസ്എഐസിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ ജെഎസ്ഡബ്ല്യു ശ്രമിക്കുന്നു. എന്നാല്‍ മൂല്യനിര്‍ണ്ണയത്തില്‍ ഇരുപക്ഷവും വിയോജിക്കുന്നു. ചൈനീസ് കാര്‍ നിര്‍മ്മാതാവ് ഉയര്‍ന്ന വില തേടുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ രണ്ട് കമ്പനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം രാഷ്ട്രീയമല്ലെന്നും സൂചനയുണ്ട്. സ്വന്തം ബ്രാന്‍ഡിന് കീഴില്‍ കാറുകള്‍ വില്‍ക്കാന്‍ ജെഎസ്ഡബ്ല്യു വളരെക്കാലമായി ആഗ്രഹിച്ചിരുന്നു. അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു കൂട്ടര്‍ പറയുന്നു.

സര്‍ക്കാരില്‍ സമര്‍പ്പിച്ച വരുമാന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ നഷ്ടത്തിലാണെന്നും പണമൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെന്നും കാണിക്കുന്നു. എങ്കിലും ടാറ്റ മോട്ടോഴ്സിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇവി നിര്‍മ്മാതാക്കളായി ജെഎസ്ഡബ്ല്യു മാറിയിട്ടുണ്ട്.