15 March 2026 8:53 PM IST
FASTag Annual Pass Fee: ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർധിച്ചു: 2026 ഏപ്രിൽ 1 മുതൽ 3,075 രൂപ
MyFin Desk
Summary
3,000 രൂപയിൽ നിന്ന് 3,075 രൂപയായി പരിഷ്കരണം; സ്വകാര്യ വാഹനങ്ങൾക്ക് 200 ടോൾ ക്രോസിംഗുകൾ വരെ സൗകര്യം
2026–27 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്റ്റാഗ് വാർഷിക പാസ് നിരക്ക് പരിഷ്കരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)അറിയിച്ചു. നിലവിലുള്ള 3,000 രൂപയിൽ നിന്ന് 3,075 രൂപയായാണ് നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്ക് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
ദേശീയപാത ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) നിയമങ്ങൾ, 2008 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചാണ് നിരക്ക് പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ വാഹന ഉടമകൾക്കിടയിൽ ഫാസ്‌ടാഗ് വാർഷിക പാസ് പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ 56 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്.
1150 ടോൾ പ്ലാസകളിൽ പുതുക്കിയ നിരക്ക്
ദേശീയപാതകളും എക്‌സ്‌പ്രസ് വേകളും ഉൾപ്പെടെ രാജ്യത്തെ ഏകദേശം 1,150 ടോൾ പ്ലാസകളിൽ പുതുക്കിയ നിരക്ക് ബാധകമാകും. കൃത്യമായ രേഖകളുള്ള നോൺ-കൊമേഴ്‌സ്യൽ (സ്വകാര്യ) വാഹനങ്ങൾക്കാണ് വാർഷിക പാസ് സൗകര്യം ലഭിക്കുക.
ഒരു വർഷം അല്ലെങ്കിൽ 200 ടോൾ ക്രോസിംഗുകൾ, ഇവയിൽ ഏതാണോ ആദ്യം, അതുവരെ ഈ പാസ് ഉപയോഗിക്കാം. ഇടയ്ക്കിടെ ഫാസ്‌ടാഗ് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായകരമാണ്.
രാജമാർഗ് യാത്ര ആപ്പ് വഴിയോ എൻഎച്ച്എഐ വെബ്‌സൈറ്റ് വഴിയോ ഒറ്റത്തവണ പണമടച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ വാഹനത്തിലെ നിലവിലുള്ള ഫാസ്‌ടാഗിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യും. 2025 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ ദേശീയപാത ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്ന സംവിധാനമായി മാറിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
