image

7 Oct 2025 11:24 AM IST

Automobile

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 35ശതമാനം വര്‍ധനവ്

MyFin Desk

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍  35ശതമാനം വര്‍ധനവ്
X

Summary

ജിഎസ്ടിയിലെ വെട്ടിക്കുറവ് വാഹനവില്‍പ്പന വര്‍ധിപ്പിച്ചു


ഈ വര്‍ഷത്തെ നവരാത്രി കാലയളവില്‍മാത്രം പാസഞ്ചര്‍ വാഹന റീട്ടെയില്‍ വില്‍പ്പനയില്‍ 35 ശതമാനം വര്‍ധനവ്. കഴിഞ്ഞ മാസത്തെ മൊത്തത്തിലുള്ള രജിസ്‌ട്രേഷനുകളില്‍ 6 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. സെപ്റ്റംബര്‍ 22 ന് പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വന്നതിനുശേഷമാണ് വില്‍പ്പനയില്‍ കുതിപ്പുണ്ടായതെന്ന് എഫ്എഎഡിഎ അറിയിച്ചു.

നവരാത്രി കാലത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന 2,17,744 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വില്‍പ്പന 1,61,443 യൂണിറ്റായിരുന്നു.

അതേസമയം സെപ്റ്റംബറില്‍ പാസഞ്ചര്‍ വാഹന റീട്ടെയില്‍ വില്‍പ്പന 2,99,369 യൂണിറ്റായി വര്‍ധിച്ചു.കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 2,82,945 യൂണിറ്റുകളില്‍ നിന്ന് 6 ശതമാനം വളര്‍ച്ചയാണിത്. നവരാത്രി കാലഘട്ടത്തില്‍ ഡീലര്‍ഷിപ്പുകളിലും തുടര്‍ന്നുള്ള ഡെലിവറികളിലും റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടതെന്ന് എഫ്എഎഡിഎ വൈസ് പ്രസിഡന്റ് സായ് ഗിരിധര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വ്യവസായത്തിന് സെപ്റ്റംബര്‍ അസാധാരണമാംവിധം സവിശേഷമായ ഒരു മാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നിരക്കുകളിലെ കുറവും ഉത്സവകാല ആവശ്യകതയും പുതിയ അന്വേഷണങ്ങള്‍ക്കും ബുക്കിംഗുകള്‍ക്കും കാരണമായി. സെപ്റ്റംബര്‍ അവസാന ദിവസങ്ങളില്‍ ഉണ്ടായ ആവേശം ദീപാവലിയിലും തുടരുമെന്നും ഫാഡ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 12,87,735 യൂണിറ്റായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ്ശതമാനം വര്‍ധനയാണ്. നവരാത്രികാലത്ത് മാത്രം വില്‍പ്പന 36ശതമാനം വര്‍ധിച്ചു. അതായത് 8,35,364 യൂണിറ്റുകളും വിറ്റഴിച്ചത് ഈ കാലയളവിലാണ്.

താങ്ങാനാവുന്ന വിലയിലെ മെച്ചപ്പെടുത്തലുകള്‍, ഉത്സവകാല ഓഫറുകള്‍, വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് എന്നിവയാണ് ഇരുചക്ര വാഹന റീട്ടെയിലുകളെ ശക്തിപ്പെടുത്തിയതെന്ന് എഫ്എഎഡിഎ പറഞ്ഞു.

അതേസമയം കഴിഞ്ഞ മാസം ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പന 98,866 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,06,534 യൂണിറ്റായിരുന്നു, ഇത് 7 ശതമാനം കുറഞ്ഞു. അതേസമയം നവരാത്രികാലത്തെ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി.

കഴിഞ്ഞ മാസം വാണിജ്യ വാഹന വില്‍പ്പന 3 ശതമാനം ഉയര്‍ന്ന് 72,124 യൂണിറ്റായി. നവരാത്രി കാലയളവില്‍ സെഗ്മെന്റ് വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 33,856 യൂണിറ്റായി. സെപ്റ്റംബറില്‍ ട്രാക്ടര്‍ റീട്ടെയില്‍ വില്‍പ്പനയും കുതിച്ചു. 4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 64,785 യൂണിറ്റായി ഉയര്‍ന്നു. നവരാത്രി കാലയളവില്‍ റീട്ടെയില്‍ വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

ചരിത്രത്തിലെ ഏറ്റവും മനോഹരമായ 42 ദിവസത്തെ ഉത്സവ സീസണിന്റെ കൊടുമുടിയിലാണ് ഇന്ത്യ നില്‍ക്കുന്നതെന്നും എഫ്എഎഡിഎ അഭിപ്രായപ്പെട്ടു.