12 Aug 2025 6:12 PM IST
Summary
ഇവി യാത്രാവാഹന വില്‍പ്പന 15,528 യൂണിറ്റായി ഉയര്‍ന്നു
വൈദ്യുതി വാഹന വില്‍പനയില്‍ വന്‍ കുതിപ്പ്. ചില്ലറ വില്‍പ്പനയില്‍ 93 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സ് ഒന്നാമത്.
കഴിഞ്ഞ മാസം മൊത്തം വൈദ്യുതി യാത്രാ വാഹന വില്‍പന 15,528 യൂണിറ്റായി ഉയര്‍ന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 8,037 യൂനിറ്റ് മാത്രമായിരുന്നു.
വൈദ്യുതി വാഹന വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞമാസം വില്‍പന 6,047 യൂണിറ്റുകളാക്കി ഉയര്‍ത്തി.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 5,100 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. വര്‍ധന 19 ശതമാനം.
എന്നാല്‍, ഇരുചക്ര വൈദ്യുതി വാഹനങ്ങളുടെ വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ നാലു ശതമാനം കുറയുകയാണ് ചെയ്തത്. 2024 ജൂലൈയില്‍ വിറ്റഴിഞ്ഞ 1,07,655 യൂണിറ്റുകളില്‍നിന്ന് 1,02,973 യൂണിറ്റായി കുറഞ്ഞു. ടി.വി.എസ് മോട്ടോര്‍ കമ്പനി 22,256 ഇരുചക്ര വാഹനം വിറ്റഴിച്ച് ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ഇത് 19,655 യൂണിറ്റുകളായിരുന്നു.
ഇലക്ട്രിക് മുച്ചക്ര വാഹന വില്‍പന കഴിഞ്ഞ വര്‍ഷത്തെ 63,675 യൂണിറ്റുകളെ അപേക്ഷിച്ച് ഒമ്പത് ശതമാനം കൂടി 69,146 യൂണിറ്റുകളായി. 9,766 യൂണിറ്റുകള്‍ വിറ്റഴിച്ച മഹീന്ദ്ര ഗ്രൂപ്പാണ് ഈ വിഭാഗത്തില്‍ മുന്നില്‍.