image

12 Sept 2025 9:31 AM IST

Automobile

പണിപാളി; അപൂര്‍വ ധാതുക്കളുടെ വിതരണം വെറും വാഗ്ദാനമാക്കി ചൈന

MyFin Desk

rare earths, supply just a promise, auto manufacturers on edge
X

Summary

കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാതെ ചൈന


അപൂര്‍വ ധാതുക്കളുടെ കയറ്റുമതി പുനരാരംഭിക്കാതെ ചൈന. കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായി രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചത് വെറും വാഗ്ദാനം മാത്രമായിരുന്നോ എന്ന് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഭയപ്പെടുന്നു.

അപൂര്‍വ ലോഹങ്ങളുടെ വിതരണം പുനരാരംഭിക്കാത്തത് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ക്കും പാര്‍ട്‌സ് വിതരണക്കാര്‍ക്കും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും ഉന്നതതല ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും, നിലവിലുള്ള സ്ഥിതിയില്‍ മാറ്റമില്ലെന്ന് വാഹന വ്യവസായത്തിലെ എക്‌സിക്യുട്ടീവുകള്‍ പറയുന്നു.

അടുത്ത മാസങ്ങളില്‍ കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ ചൈന ഒഴിവാക്കുമെന്നാണ് കരുതുന്നതെന്ന് ആഗോള ഘടക വിതരണക്കാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിലവിലുള്ള മാഗ്‌നറ്റ് ക്ഷാമം ദൈനംദിന അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ഡയറക്ടറും സിഇഒയുമായ കെ എന്‍ രാധാകൃഷ്ണന്‍ പറയുന്നു.

യാത്രാ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ക്ക് അപൂര്‍വ എര്‍ത്ത് മൂലകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച കാന്തങ്ങള്‍ ഒരു നിര്‍ണായക ഇന്‍പുട്ടാണ്. ആഭ്യന്തര വാഹന വ്യവസായം ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്ന സമയത്ത്, വിതരണത്തിലെ തടസ്സം ഉല്‍പ്പാദന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

അപൂര്‍വ ധാതുക്കളുടെയും ലോഹങ്ങളുടെയും ലഭ്യതക്കായി ഇന്ത്യ ചൈനയെ അമിതമായി ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധി. ആഗോളതലത്തില്‍, അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റ് കയറ്റുമതിയുടെ 80% ചൈനയില്‍നിന്നാണ്.

പ്രാദേശികവല്‍ക്കരണത്തിനും ഇതര ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും നയരൂപീകരണക്കാര്‍ ശ്രമിക്കുമ്പോള്‍, വിശ്വസനീയമായ ചൈനീസ് ഇതര വിതരണ ശൃംഖലകള്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് എക്‌സിക്യൂട്ടീവുകള്‍ തന്നെ പറയുന്നു.

ഇനിയും അപൂര്‍വ ധാതുക്കളുടെയും ലോഹങ്ങളുടെയും ലഭ്യത തടസപ്പെട്ടാല്‍ അത് രാജ്യത്തെ വാഹനമേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.