1 Sept 2023 5:39 PM IST
ഓഗസ്റ്റില്‍ മാരുതി ഡ്രൈവ് ചെയ്തത് റെക്കോര്‍ഡിലേക്ക്; വിറ്റഴിച്ചത് 1.89 ലക്ഷം യൂണിറ്റുകള്‍
MyFin Desk
Summary
- ബലേനോ, സെലേറിയോ, ഡിസൈര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവ 72,451 യൂണിറ്റുകള്‍ വിറ്റഴിച്ചു
- ആഭ്യന്തര വിപണിയിലെ മൊത്തം വില്‍പ്പന ഈ വര്‍ഷം ഓഗസ്റ്റില്‍ 1,64,468 യൂണിറ്റുകളായിരുന്നു
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചു. ഓഗസ്റ്റില്‍ 1,89,082 യൂണിറ്റുകളാണു മാരുതി സുസുക്കി വിറ്റഴിച്ചത്. 2022 ഓഗസ്റ്റില്‍ ഇത് 1,65,173 യൂണിറ്റുകളായിരുന്നു.
കോംപാക്ട് കാറുകളായ ബലേനോ, സെലേറിയോ, ഡിസൈര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുടെ 72,451 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം ഇത് 71,557 യൂണിറ്റുകളായിരുന്നു. യൂട്ടിലിറ്റി വാഹനങ്ങളായ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ജിമ്‌നി, എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നിവയുടെ 58,746 യൂണിറ്റുകളും വിറ്റു. മുന്‍ വര്‍ഷമിത് 26,932 യൂണിറ്റുകളായിരുന്നു.
എന്നാല്‍ മിനി സെഗ്മെന്റ് കാറുകളായ ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവയുടെ വില്‍പ്പന ഇടിഞ്ഞ് 12,209 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 22,162 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
2023 ഓഗസ്റ്റില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 16 ശതമാനം ഉയര്‍ന്ന് 1,56,114 യൂണിറ്റിലെത്തി.മുന്‍ വര്‍ഷമിത് 1,34,166 യൂണിറ്റുകളായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ മൊത്തം കയറ്റുമതി 14 ശതമാനം വര്‍ധിച്ച് 24,614 യൂണിറ്റിലെത്തി.
2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം രണ്ട് മടങ്ങ് ഉയര്‍ന്ന് 2,485 കോടി രൂപയായി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തത്തിലുള്ള വാഹന വില്‍പ്പന 70,350 യൂണിറ്റുകളാണെന്നു കമ്പനി അറിയിച്ചു. 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍, ആഭ്യന്തര വിപണിയില്‍ 37,270 യൂണിറ്റുകള്‍ വിറ്റഴിച്ചു. കയറ്റുമതി ഉള്‍പ്പെടെ ഓഗസ്റ്റില്‍ മൊത്തത്തില്‍ 38,164 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.
മഹീന്ദ്രയുടെ കമേഴ്‌സ്യല്‍ വിഭാഗത്തിലെ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 23,613 യൂണിറ്റുകളാണ്.
ബജാജ് ഓട്ടോ
മാരുതിയും മഹീന്ദ്രയും നേട്ടം കൈവരിച്ചപ്പോള്‍ ഓഗസ്റ്റില്‍ ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായിരുന്നു. മൊത്തം ഇരുചക്ര വാഹന വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 2.85 ലക്ഷം യൂണിറ്റായി.
എങ്കിലും, കമ്പനിയുടെ കയറ്റുമതി ഓഗസ്റ്റില്‍ 2 ശതമാനം ഉയര്‍ന്നു. ബജാജ് ഓട്ടോയുടെ മൊത്തം ആഭ്യന്തര വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 2,56,755 യൂണിറ്റില്‍ നിന്ന് 2,05,100 യൂണിറ്റായി.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ (എച്ച്എംഐഎല്‍) ഓഗസ്റ്റില്‍ 71,435 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഈ മാസത്തെ മൊത്തം വില്‍പ്പന ആഭ്യന്തര തലത്തില്‍ 53,830 യൂണിറ്റായിരുന്നു. 17,605 യൂണിറ്റ് കയറ്റുമതിയും ചെയ്തു.
എംജി മോട്ടോര്‍
എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഗസ്റ്റിലെ റീട്ടെയില്‍ വില്‍പ്പന 4,185 യൂണിറ്റുകളാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വര്‍ഷം 10 ശതമാനത്തിന്റെ വളര്‍ച്ച വില്‍പ്പനയില്‍ കൈവരിച്ചു. വരുന്ന ഉത്സവ സീസണില്‍ വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനുള്ള തയാറെടുപ്പിലാണു കമ്പനി.
ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 2023 ഓഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 76,261 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 76,479 യൂണിറ്റായിരുന്നു.
2023 ഓഗസ്റ്റിലെ ടാറ്റാ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പന 78,100 യൂണിറ്റാണ്. 2023 ഓഗസ്റ്റില്‍ കമേഴ്‌സ്യല്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന 1.9 ശതമാനം ഉയര്‍ന്ന് 32,077 യൂണിറ്റായി. ആഭ്യന്തര തലത്തില്‍ വില്‍പ്പന 30,748 യൂണിറ്റാണ്.
പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന 2023 ഓഗസ്റ്റില്‍ 45,933 യൂണിറ്റുകളാണ്. മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 47,351 യൂണിറ്റായിരുന്നു. മൂന്ന് ശതമാനത്തിന്റെ ഇടിവ് ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 45,513 യൂണിറ്റുകളാണ്. ഇത് മുന്‍ വര്‍ഷം 47,166 യൂണിറ്റായിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 6,236 യൂണിറ്റുകളാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 55 ശതമാനത്തിന്റെ വളര്‍ച്ച ഈ വിഭാഗത്തില്‍ രേഖപ്പെടുത്തി.