24 Aug 2025 4:29 PM IST
Summary
ദക്ഷിണാഫ്രിക്കന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ നാല് മോഡലുകളും ടാറ്റ പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളില്‍ ഒരാളായ ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (ടിഎംപിവി) ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ വീണ്ടും പ്രവേശിച്ചു. ജോഹന്നാസ്ബര്‍ഗിലെ സാന്‍ഡ്ടണില്‍ നടന്ന ലോഞ്ച് ഇവന്റില്‍ ഹാരിയര്‍, കര്‍വ്, പഞ്ച്, ടിയാഗോ എന്നീ നാല് മോഡലുകളും കമ്പനി പുറത്തിറക്കി. ദക്ഷിണാഫ്രിക്കന്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന മൊബിലിറ്റി ആവശ്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ നിര്‍മിക്കപ്പെട്ടവയാണ് നാല് മോഡലുകളും.
ദക്ഷിണാഫ്രിക്കയിലെ മുന്‍നിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ മോട്ടസ് ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്നാണ് ഈ തന്ത്രപരമായ റീ-എന്‍ട്രി. കഴിഞ്ഞ 5 വര്‍ഷത്തില്‍ 350% വില്പന വളര്‍ച്ച നേടി അസാധാരണമായ വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കെ ആണ് ടി.എം.പി.വി യുടെ ഈ സുപ്രധാന വിപണി നീക്കം. 2020-ല്‍ 170,000 യൂണിറ്റുകളുടെ വില്പന നടന്നപ്പോള്‍ 2025-ല്‍ ഇത് 560,000 യൂണിറ്റുകളായി ഉയര്‍ന്നു.
ദക്ഷിണാഫ്രിക്കയിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള വിപണിയുടെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ലോഞ്ചില്‍ സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി മോട്ടസ് ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ് സിഇഒ ഒക്കേര്‍ട്ട് ജാന്‍സ് വാന്‍ റെന്‍സ്ബര്‍ഗ് പറഞ്ഞു. വാഹന ഇറക്കുമതി, രാജ്യവ്യാപക വിതരണം, സമഗ്രമായ വില്‍പ്പനാനന്തര പിന്തുണ എന്നിവയില്‍ മോട്ടസ് ഹോള്‍ഡിംഗിന്റെ പതിറ്റാണ്ടുകളുടെ വൈദഗ്ദ്ധ്യമുണ്ട്.
ദക്ഷിണാഫ്രിക്കയിലുടനീളമുള്ള 40 ഡീലര്‍ഷിപ്പുകളുടെ രാജ്യവ്യാപക ശൃംഖലയിലൂടെയാണ് ടി. എം. പി. വി പ്രവര്‍ത്തനമാരംഭിക്കുക. 2026 ഓടെ ഇത് 60 ആയി വികസിപ്പിക്കാനാണ് പദ്ധതി.