image

13 Sept 2025 8:39 AM IST

Automobile

ജിഎസ്ടി ഇളവ്; ഇരുചക്ര വാഹന വില കുത്തനെ കുറയും

MyFin Desk

ജിഎസ്ടി ഇളവ്; ഇരുചക്ര വാഹന വില കുത്തനെ കുറയും
X

Summary

ബ്രാന്‍ഡിനെയും മോഡലിനെയും ആശ്രയിച്ച് 5,000 മുതല്‍ 24,500 രൂപ വരെ വിലക്കുറവ്


ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് നാല് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ബജാജ് ഓട്ടോ, ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, ഐഷര്‍ മോട്ടോഴ്സിന്റെ റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവരാണ് വിലക്കുറവ് സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. ജിഎസ്ടി കൗണ്‍സില്‍ 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്.

മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ത്രീ വീലറുകള്‍ എന്നിവയുടെ വിലയില്‍ കമ്പനികള്‍ പുതുക്കിയ മാറ്റം ബ്രാന്‍ഡിനെയും മോഡലിനെയും ആശ്രയിച്ച് 5,000 മുതല്‍ 24,500 രൂപ വരെ കുറയുമെന്നാണ് വിവരം.ബജാജ് ഓട്ടോ മോട്ടോര്‍ സൈക്കിളുകളുടെ വിലയില്‍ 20,000 രൂപ വരെയും മുച്ചക്ര വാഹനങ്ങളുടെ വിലയില്‍ 24,000 രൂപ വരെയും കുറവ് വരുത്തും.

എച്ച്എംഎസ്‌ഐ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും 18,800 രൂപ വരെ വിലക്കുറവ് പ്രതീക്ഷിക്കാം. ജനപ്രിയ മോഡലുകളായ ആക്ടിവ, ഷൈന്‍, യൂണികോണ്‍, സിബി350 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയുടെ നട്ടെല്ലായ 350 സിസി മോട്ടോര്‍സൈക്കിളുകളുടെ വില 22,000 രൂപ വരെ കുറയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

അപ്പാച്ചെ ആര്‍ടിആര്‍ 310, അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകള്‍ക്കും എന്‍ടോര്‍ക്ക് സ്‌കൂട്ടറിനും 24,496 രൂപ വരെ വിലക്കുറവ് ടിവിഎസ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നഗര, ഗ്രാമപ്രദേശങ്ങളിലെ വിപണികളില്‍ മൊബിലിറ്റി കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റാനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും ഈ ഇളവുകള്‍ സഹായിക്കുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.

ഉത്സവ സീസണിന്റെ ആരംഭത്തോടൊപ്പമായിരിക്കും വിലക്കുറവ് ഉണ്ടാകുക. പരമ്പരാഗതമായി വാഹന വില്‍പ്പന കുതിച്ചുകയറുന്ന സമയമാണിത്. നികുതി ഇളവ്, പ്രത്യേകിച്ച് വില സെന്‍സിറ്റീവ് ആയ ഇരുചക്ര വാഹനങ്ങളുടെ എന്‍ട്രി, മിഡ് ലെവല്‍ വിഭാഗങ്ങളില്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.