12 May 2025 4:23 PM IST
Summary
ഈ വിമാനത്താവളങ്ങള്‍ ഉടനടി സര്‍വീസുകള്‍ക്ക് ലഭ്യമാക്കും
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കാരണം അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഇന്ത്യ വീണ്ടും തുറന്നു. സൈനിക നടപടി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ശനിയാഴ്ച വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യോമസേനാംഗങ്ങള്‍ക്ക് നല്‍കിയ നോട്ടീസ് പ്രകാരം, 32 വിമാനത്താവളങ്ങളും ഇപ്പോള്‍ തുറന്നിട്ടുണ്ട്. 'ഈ വിമാനത്താവളങ്ങള്‍ സിവില്‍ വിമാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടനടി ലഭ്യമാകുമെന്ന് അറിയിക്കുന്നു. യാത്രക്കാര്‍ എയര്‍ലൈനുകളുമായി നേരിട്ട് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും പതിവ് അപ്ഡേറ്റുകള്‍ക്കായി എയര്‍ലൈന്‍ വെബ്സൈറ്റുകള്‍ നിരീക്ഷിക്കാനും ശുപാര്‍ശ ചെയ്യുന്നു,' എഎഐ അതിന്റെ അറിയിപ്പില്‍ പറഞ്ഞു.
അംബാല, അമൃത്സര്‍, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഡ്, ഹിന്‍ഡണ്‍, ജയ്സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, ലേ, ലുധിയാന, മുന്ദ്ര, പോര്‍ബന്തര്‍, രാജ്കോട്ട് (ഹിരാസര്‍), ഷിംല, ശ്രീനഗര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
മെയ് 7 ന് രാവിലെ, ഇന്ത്യ ഈ വിമാനത്താവളങ്ങള്‍ മെയ് 10 ന് പുലര്‍ച്ചെ 5.29 വരെയാണ് അടച്ചത്. പിന്നീട് ഇത് 15 വരെ നീട്ടി. ഇപ്പോള്‍ അടച്ചിട്ട് കാലയളവില്‍ ഈ വിമാനത്താവളങ്ങളില്‍നിന്ന് 1500 വിമാന സര്‍വീസുകള്‍ നടത്തേണ്ടതായിരുന്നു. സംഘര്‍ഷം കാരണം അവ റദ്ദാക്കേണ്ടിവന്നു.