29 Jun 2025 5:21 PM IST
Summary
റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷ
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ അട്ടിമറി ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കപ്പെടുന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍.
ജൂണ്‍ 12 ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അന്വേഷണത്തില്‍ നിരവധി ഏജന്‍സികള്‍ പങ്കാളികളാണ്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ടെന്നും അത് അന്വേഷമ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്. ഉപകരണം വിദേശത്തേക്ക് അയയ്ക്കില്ലെന്നും അന്വേഷണം പൂര്‍ണ്ണമായും രാജ്യത്തിനകത്ത് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അപകടം അപൂര്‍വമായ ഒരു സംഭവമാണെന്നും രണ്ട് എഞ്ചിനുകളും ഒരേസമയം ഓഫാകുന്നത് അഭൂതപൂര്‍വമാണെന്നും മോഹോള്‍ പറഞ്ഞു.
''റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍, അത് എഞ്ചിന്‍ പ്രശ്നമാണോ, ഇന്ധന വിതരണ പ്രശ്നമാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന് ഉറപ്പാക്കാന്‍ കഴിയും. പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ (സിവിആര്‍) ഉണ്ട്. കണ്ടെത്തലുകള്‍ പിന്നീട് പരസ്യമാക്കും'' മന്ത്രി പറഞ്ഞു.
അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
അപകടത്തെത്തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മൊഹോള്‍ ഉന്നയിച്ചു, എയര്‍ ഇന്ത്യയുടെ ഫ്‌ലീറ്റിലുള്ള 33 ബോയിംഗ് ഡ്രീംലൈനറുകളും പരിശോധിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാനാപകടത്തിന്റെ അന്വേഷണത്തില്‍ ഒരു നിരീക്ഷകനെ നിയമിക്കാനുള്ള അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശം ഇന്ത്യ അംഗീകരിച്ചു. എന്നാല്‍ യുഎന്‍ വ്യോമയാന നിരീക്ഷണ ഏജന്‍സിയെ നേരിട്ട് അന്വേഷണ സംഘത്തില്‍ ചേരാന്‍ അനുവദിക്കില്ല.