image

2 Jun 2025 11:06 AM IST

Aviation

പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ

MyFin Desk

air india is preparing to buy new aircraft
X

Summary

  • ബോയിംഗിന്റെ വിലനിര്‍ണ്ണയവും വിതരണ പരിമിതികളും വെല്ലുവിളി
  • ഇന്ത്യയുടെ വ്യോമയാന വിപണി 7% എന്ന നിരക്കില്‍ വികസിക്കുന്നു


പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിനായി ബോയിംഗ്, എയര്‍ബസ് എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇരൂനൂറിലധികം വിമാനങ്ങള്‍ക്കായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 2023 ലെ 470 വിമാന കരാറിനെ അടിസ്ഥാനമാക്കിയാണ് ഓര്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ എയര്‍ഇന്ത്യ കോടിക്കണക്കിന് ഡോളറിന്റെ നവീകരണമാണ് ലക്ഷ്യമിടുന്നത്.

കരാര്‍ അന്തിമമാക്കുന്നതില്‍ ബോയിംഗിന്റെ വിലനിര്‍ണ്ണയവും വിതരണ പരിമിതികളും പ്രധാന വെല്ലുവിളികളായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയും ബോയിംഗും അഭ്ിപ്രായം പ്രകടിപ്പിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയിലെ ആഗോള എയര്‍ലൈന്‍ മേധാവികള്‍ ഡല്‍ഹി വ്യവസായ ഉച്ചകോടിയില്‍ ഒത്തുകൂടിയപ്പോഴാണ് ഇന്ത്യയുടെ ഫ്‌ലാഗ് കാരിയറില്‍ നിന്ന് പുതിയ ഓര്‍ഡറുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നത്.

2023-ല്‍ എയര്‍ ഇന്ത്യ രണ്ട് വിതരണക്കാരില്‍ നിന്നും 470 വിമാനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം 100 എയര്‍ബസ് ജെറ്റുകള്‍ക്കുമായി അന്നത്തെ റെക്കോര്‍ഡ് ഓര്‍ഡര്‍ നല്‍കിയിരുന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ മൂലം വിമാന നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് തുടര്‍ച്ചയായ വിമാന ഓര്‍ഡറുകള്‍ വരുന്നത്. ഇത് വിമാന വിതരണത്തില്‍ കടുത്ത കാലതാമസത്തിനും ജെറ്റ് ക്ഷാമത്തിനും കാരണമാകുന്നു.

എയര്‍ ഇന്ത്യയുടെ നവീകരണത്തിനായി പുതിയ വിമാനങ്ങള്‍ വാങ്ങേണ്ടത് നിര്‍ണായകമാണ്. നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള നവീകരണ പദ്ധതിയാണ് ഇപ്പോള്‍ കമ്പനി നടപ്പാക്കുന്നത്.

ഏതെങ്കിലും ഇടപാടിന്റെ സമയം ഉടനടി വ്യക്തമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡീലുകള്‍ അനുകരിക്കാന്‍ എയര്‍ ഇന്ത്യ ശ്രമിക്കുന്നതിനാല്‍ വിലനിര്‍ണ്ണയം ഒരു തടസമാകുമെന്ന് ഒരു സ്രോതസ്സ് പറഞ്ഞു.

കോടിക്കണക്കിന് ഡോളറിന്റെ വിമാന ഓര്‍ഡറുകള്‍ ലഭിക്കണമെങ്കില്‍ സാധാരണയായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരും, ബോയിംഗ്, എയര്‍ബസ് ഘടകങ്ങള്‍ വെവ്വേറെ പ്രഖ്യാപിക്കുന്നത് സാധാരണയായി പതിവാണ്.

എയര്‍ബസിന്റെ പ്രവചനങ്ങള്‍ പ്രകാരം ഇന്ത്യയുടെ വ്യോമയാന വിപണി പ്രതിവര്‍ഷം ഏകദേശം 7% എന്ന നിരക്കില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഉള്‍നാടുകളെ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങള്‍ അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി തുടരുന്നുവെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.