3 March 2026 7:07 PM IST
രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? റിപ്പോര്‍ട്ട് തേടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
MyFin Desk
Summary
ആഗോള തലത്തില്‍ ഇന്ധനവില ഉയരാനും വിതരണം തടസപ്പെടാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ മുന്‍കരുതല്‍ നടപടി
പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം സംബന്ധിച്ച വിവരങ്ങള്‍ തേടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. സംഘര്‍ഷം ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കും എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ധന ശേഖരത്തെ കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗോള തലത്തില്‍ ഇന്ധനവില ഉയരുമോ?
നിലവില്‍ ലഭ്യമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിൻ്റെ കൃത്യമായ അളവ്, ശരാശരി പ്രതിദിന ഇന്ധന ഉപഭോഗം, അടുത്ത ഏഴ് ദിവസത്തേക്ക് ആവശ്യമായ ഇന്ധനത്തിൻ്റെ ഏകദേശ കണക്ക്, അടുത്ത തവണ ഇന്ധന സ്റ്റോക്ക് എത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ള തീയതി എന്നിവ സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രാജ്യത്തെ 33 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ആഗോള തലത്തില്‍ ഇന്ധനവില ഉയരാനും വിതരണം തടസപ്പെടാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ധന വിതരണത്തില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ വിമാന സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ അത് നേരിടാന്‍ സജ്ജമായിരിക്കാനാണ് നീക്കം.
യുദ്ധസാഹചര്യം നിലനില്‍ക്കെ, മാര്‍ച്ച് 2-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് 355 അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുകയും 344 വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യം വിമാന സര്‍വീസുകളെയും ഇന്ധന വിലയെയും വരും ദിവസങ്ങളില്‍ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.
ഹോര്‍മുസ് കടലിടുക്കിലെ ഭീഷണി
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോകത്തെ എണ്ണവിതരണത്തിൻ്റെയും കടല്‍മാര്‍ഗമുള്ള ഗ്യാസ് ടാങ്കറുകളുടേയും ഏകദേശം 20 ശതമാനവും ഹോര്‍മുസ് പാതയിലൂടെയാണ് കടന്നുപോകുന്നത്. വെറും 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ പ്രദേശം അടച്ചുപൂട്ടുന്നത് പ്രതിദിനം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ വിതരണം തടസപ്പെടുത്തും. അങ്ങനെ വന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഇത് വിമാനക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
പഠിക്കാം & സമ്പാദിക്കാം
Home
