12 July 2025 12:16 PM IST
Summary
പ്രാരംഭ ഘട്ടത്തിലെ അന്വേഷണത്തില്‍ അട്ടിമറിക്ക് തെളിവൊന്നും ലഭിച്ചിട്ടില്ല
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തിന് കാരണമായത് എഞ്ചിനുകളുടെ പ്രവര്‍ത്തനം നിലച്ചതാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകളില്‍ പകര്‍ത്തിയതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) വെളിപ്പെടുത്തുന്നു.
എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ വരവ് നിലച്ചിരുന്നു. പൈലറ്റുമാരില്‍ ഒരാള്‍ തന്റെ സഹപൈലറ്റിനോട് 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ധനം നിര്‍ത്തിയത്?' എന്ന് ചോദിച്ചതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സഹ പൈലറ്റ് 'ഞാന്‍ അങ്ങനെ ചെയ്തില്ല' എന്ന് മറുപടി നല്‍കി.
ബോയിംഗ് 787-8 ഡ്രീംലൈനര്‍ പരമാവധി വേഗതയായ 180 നോട്ട് എയര്‍സ്പീഡില്‍ എത്തിയതിന് ശേഷം രണ്ട് എഞ്ചിന്‍ ഇന്ധന കട്ട്ഓഫ് സ്വിച്ചുകളും 'റണ്‍' എന്നതില്‍ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറിയതിന് നിമിഷങ്ങള്‍ക്ക് ശേഷമാണ് ഈ സംഭാഷണം നടന്നത്.
ബോയിംഗ് 787-8 വിമാനം ഉള്‍പ്പെട്ട സംഭവത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമവും എഞ്ചിന്റെ പ്രവര്‍ത്തനവും പരിശോധിച്ചതാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്ന 19 പേരും ഉള്‍പ്പെടെ 260 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ട് എഞ്ചിനുകളും വായുവില്‍ വെച്ച് തന്നെ ഓഫായതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ധന കട്ട്ഓഫ് സ്വിച്ചുകള്‍ റണ്ണില്‍നിന്ന് കട്ട്ഓഫിലേക്ക് ഒരു സെക്കന്‍ഡിനുള്ളില്‍ ഒന്നിനുപുറകെ ഒന്നായി മാറി.
രണ്ട് പൈലറ്റുമാരും ആരോഗ്യമുള്ളവരാണെന്നും മതിയായ പരിചയസമ്പത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറിക്ക് ഉടനടി തെളിവുകളൊന്നുമില്ലെന്നും ഏജന്‍സി വ്യക്തമാക്കി.