2 May 2025 8:44 AM IST
Summary
- അടച്ചിടല്‍ ഒരു വര്‍ഷത്തേക്ക് നീണ്ടാല്‍ എയര്‍ഇന്ത്യയുടെ നഷ്ടം അയ്യായിരം കോടി കവിയും
- അടച്ചിടല്‍ സംബന്ധിച്ച് ഇന്ത്യന്‍ കമ്പനികള്‍ സര്‍ക്കുരുമായി ചര്‍ച്ച നടത്തി
പാക് വ്യോമപാത ഒരു വര്‍ഷത്തേക്ക് അടച്ചിട്ടാല്‍ എയര്‍ ഇന്ത്യക്കുമാത്രം 600 മില്യണ്‍ ഡോളറിന്റെ (ഏകദേശം 5,081 കോടി രൂപ) നഷഅടം ഉണ്ടാകുമെന്ന് കണക്കുകള്‍. ഈ സാഹചര്യം നേരിടാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയായാണ് പാക് വ്യോമാതിര്‍ത്തി അടച്ചത്.
പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിടല്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രാലയം അടുത്തിടെ വിവിധ വിമാനക്കമ്പനികളുമായി ഒരു യോഗം നടത്തുകയും, സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഏപ്രില്‍ 24 നാണ്് പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്.
ഒരു വര്‍ഷത്തേക്ക് വ്യോമാതിര്‍ത്തി അടച്ചിടല്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏകദേശം 600 മില്യണ്‍ യുഎസ് ഡോളര്‍ അധിക ചെലവ് വരുമെന്ന് എയര്‍ ഇന്ത്യ കണക്കാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ബദല്‍ റൂട്ടുകള്‍ ഉള്‍പ്പെടെ വിവിധ നടപടികള്‍ എയര്‍ലൈന്‍ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങളില്‍ ഒരാള്‍ പറഞ്ഞു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകളുണ്ട്. പാക് നടപടിയെ തുടര്‍ന്ന് ഇസ്ലാമബാദിന്റെ വിമാനങ്ങള്‍ക്ക് ഇന്ത്യയും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഉണ്ടായ സ്ഥിതിഗതികള്‍ മന്ത്രാലയം വിലയിരുത്തുകയാണെന്നും ബദല്‍ പരിഹാരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാംമോഹന്‍ നായിഡു പറഞ്ഞിരുന്നു.
വ്യോമാതിര്‍ത്തി അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് മൂലം വിമാനക്കൂലിയില്‍ ഉണ്ടാകാവുന്ന വര്‍ധനവ് ഉള്‍പ്പെടെ, വിമാനക്കമ്പനികളെയും യാത്രക്കാരെയും സംബന്ധിച്ച വശങ്ങള്‍ മന്ത്രാലയം വിലയിരുത്തിവരികയാണ്.