30 Oct 2023 7:35 PM IST
Summary
- ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓരോ രണ്ടായിരം ഓഹരികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 579 ഓഹരികള്‍ ലഭിക്കുന്ന രീതിയിലാണ് ലയനം.
കൊച്ചി: പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും ലയിക്കുന്നു. രാജ്യ വ്യാപകമായി റീട്ടെയില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലയനം. ഇരു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് ലയനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓരോ രണ്ടായിരം ഓഹരികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 579 ഓഹരികള്‍ ലഭിക്കുന്ന രീതിയിലാണ് ലയനം. ഇരു ബാങ്കുകളുടേയും ഓഹരി ഉടമകളുടേയും റിസര്‍വ് ബാങ്കിന്റേയും കോംപറ്റീഷന്‍ കമ്മീഷന്റേയും അംഗീകാരങ്ങള്‍ക്ക് വിധേയമായായിരിക്കും ഇത്. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രമോട്ടര്‍മാരായ ഫിന്‍കെയര്‍ ബിസിനസ് സര്‍വീസസ് ലയനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 700 കോടി രൂപ ലഭ്യമാക്കും.
ഫിന്‍കെയര്‍ എസ്എഫ്ബിയുടെ എംഡിയും സിഇഒയുമായ രാജീവ് യാദവിനെ ലയനത്തിന് ശേഷം എയു എസ്എഫ്ബിയുടെ ഡെപ്യൂട്ടി സിഇഒ ആയി നിയമിക്കും. എയു എസ്എഫ്ബിയുടെ എംഡിയും സിഇഒയും സഞ്ജയ് അഗര്‍വാളാണ്.