11 Aug 2025 12:32 PM IST
Summary
വിഷയത്തില്‍ ഇടപെടണമെന്ന് ധനകാര്യമന്ത്രാലയത്തിന് സിവില്‍ സൊസൈറ്റിയുടെ കത്ത്
സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ശരാശരി ബാലന്‍സ് (എംഎബി) ആവശ്യകത ഉയര്‍ത്താനുള്ള ഐസിഐസിഐ ബാങ്കിന്റെ തീരുമാനത്തിനെതിരെ പരാതിയുമായി സംഘടന. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാങ്കിംഗ് പങ്കാളികളുടെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്ന ഒരു സിവില്‍ സൊസൈറ്റി സംഘടന ധനകാര്യ മന്ത്രാലയത്തിന് കത്തെഴുതി. ഈ നീക്കം സര്‍ക്കാരിന്റെ സമഗ്ര ബാങ്കിംഗ്, വളര്‍ച്ച എന്നീ കാഴ്ചപ്പാടുകള്‍ക്ക് ഹാനികരമാണെന്ന് സംഘടന ആരോപിച്ചു.
സ്വകാര്യ ബാങ്കിന്റെ തീരുമാനത്തെ 'അന്യായവും പിന്തിരിപ്പനും' എന്ന് ധനകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ 'ബാങ്ക് ബച്ചാവോ ദേശ് ബച്ചാവോ മഞ്ച്' വിശേഷിപ്പിച്ചു.
ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ തുറക്കുന്ന പുതിയ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ച് 50,000 രൂപയായാണ് ബാങ്ക് ഉയര്‍ത്തിയത്.
2025 ജൂലൈ 31 വരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരി ബാലന്‍സ് (എംഎബി) 10,000 രൂപയായിരുന്നു.
അതുപോലെ, ഐസിഐസിഐ ബാങ്ക് വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അര്‍ദ്ധ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എംഎബി യഥാക്രമം 25,000 രൂപയും 10,000 രൂപയുമായി അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
'ഈ പിന്തിരിപ്പന്‍ തീരുമാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബാങ്കിംഗ് തത്വത്തെ ദുര്‍ബലപ്പെടുത്തുന്നു,' ഫോറത്തിന്റെ ജോയിന്റ് കണ്‍വീനര്‍മാരായ ബിശ്വരഞ്ജന്‍ റേയും സൗമ്യ ദത്തയും അവകാശപ്പെട്ടു.
തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് സിവില്‍ സൊസൈറ്റി സംഘടന ആവശ്യപ്പെട്ടു. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും വിശാലമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കാനും സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പരമ്പരാഗതമായി, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാലന്‍സ് ആവശ്യകതകള്‍ കുറവാണ്, ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്ക് ഈ ആവശ്യകത ഒഴിവാക്കിയിരിക്കുന്നു.
നിരവധി പൊതുമേഖലാ ബാങ്കുകള്‍ ഈ ആവശ്യകത ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മിനിമം നിശ്ചിത ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പിഴ നല്‍കേണ്ടതുമില്ല.