image

10 May 2025 11:19 AM IST

Banking

ബാങ്കുകള്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്ന് ധനമന്ത്രി

MyFin Desk

ബാങ്കുകള്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്ന് ധനമന്ത്രി
X

Summary

  • അതിര്‍ത്തി പ്രദേശങ്ങളിലെ ശാഖകളിലുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം
  • സൈബര്‍ ആക്രമണങ്ങളെ കരുതിയിരിക്കണം
  • എടിഎമ്മുകളില്‍ പണ ലഭ്യത, അവശ്യ ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവക്ക് മുന്‍ഗണന


ഇന്ത്യ- പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും പൂര്‍ണ ജാഗ്രത പാലിക്കണമെന്ന് നിര്‍മ്മല സീതാരാമന്‍. അതിര്‍ത്തി പ്രദേശങ്ങളിലെ ശാഖകളില്‍ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍, പൊതു, സ്വകാര്യ മേഖലാ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും മേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍, ബാങ്കിംഗ്, സാമ്പത്തികസേവനങ്ങള്‍ക്ക് തടസമില്ലെന്ന് ഉറപ്പാക്കണമെന്നും ധനമന്ത്രി നിര്‍ദ്ദേശിച്ചു.

എടിഎമ്മുകളില്‍ പണ ലഭ്യത, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍, അവശ്യ ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെയും ഡാറ്റാ സെന്ററുകളുടെയും പതിവ് ഓഡിറ്റുകള്‍ നടത്താനും എല്ലാ ഡിജിറ്റല്‍, കോര്‍ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളും 24 മണിക്കൂറും നിരീക്ഷിക്കാനും ധനമന്ത്രി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വന്‍തോതിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ബാങ്കുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സ്ഥാപനങ്ങളുടെ മേധാവികള്‍ വ്യക്തമാക്കി.