17 July 2023 5:23 PM IST
Summary
- 2019-ല്‍ 48 കോടി രൂപയാണ് അവര്‍ എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെ നേടിയത്
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ് ഷാരൂഖ്
- ചില സിനിമാ താരങ്ങള്‍ ബ്രാന്‍ഡുകളെ എന്‍ഡോഴ്‌സ് ചെയ്യുന്നതിലൂടെ കോടികള്‍ സമ്പാദിക്കുന്നവരാണ്
വന്‍തുക പ്രതിഫലം പറ്റുന്നവരാണു ബോളിവുഡ് നടീനടന്മാര്‍. ഇവര്‍ക്ക് സിനിമയിലൂടെയുള്ള വരുമാനത്തിനു പുറമെ മറ്റ് പല ബിസിനസ്സുകളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ്. ബോളിവുഡ് താരമായ സുനില്‍ ഷെട്ടി റെസ്റ്റോറന്റ് മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് ബീയിംഗ് ഹ്യുമണ്‍ (Being Human) എന്ന ക്ലോത്തിംഗ്, വാച്ചസ് ആന്‍ഡ് ജ്വല്ലറി ബ്രാന്‍ഡ്.
ചില സിനിമാ താരങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകളെ എന്‍ഡോഴ്‌സ് ചെയ്യുന്നതിലൂടെ കോടികള്‍ സമ്പാദിക്കുന്നവരാണ്.
ഇത്തരത്തില്‍ ബിസിനസ്സിലൂടെയും സിനിമകളില്‍ അഭിനയിച്ചും ബ്രാന്‍ഡ് എന്‍ഡോഴ്‌സ് ചെയ്തും കോടിക്കണക്കിന് രൂപയാണു വരുമാനമായി ഇവര്‍ നേടുന്നത്. രാജ്യത്തെ നികുതിദായകരുടെ പട്ടികയെടുത്താല്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നതും സിനിമാ താരങ്ങളായിരിക്കും.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ 10 കോടി രൂപ നികുതിയായി അടച്ചതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. 2016-17ല്‍ മാത്രമല്ല, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സമാനമായ തുക അവര്‍ നികുതിയായി അടച്ചു.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തികളുടെ പട്ടികയിലിടം നേടിയ ഏക വനിതാ നടി ദീപിക പദുക്കോണ്‍ ആയിരുന്നു.
ഫോര്‍ബ്‌സ് ഇന്ത്യ പറയുന്നതനുസരിച്ച്, ദീപികയുടെ പ്രധാന വരുമാന സ്രോതസ്സ് എന്‍ഡോഴ്‌സ്‌മെന്റുകളാണ്. 2019-ല്‍ 48 കോടി രൂപയാണ് അവര്‍ എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെ നേടിയത്.
പദ്മാവത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ദീപികയ്ക്ക് പ്രതിഫലമായി ലഭിച്ചത് 12 കോടി രൂപയാണ്. അതേ വര്‍ഷം ക്രിക്കറ്ററായ രോഹിത് ശര്‍മ, അജയ് ദേവഗണ്‍, രജനീകാന്ത് തുടങ്ങിയ സെലിബ്രിറ്റികളെ പിന്തള്ളി ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള ഇന്ത്യന്‍ സെലിബ്രിറ്റി പട്ടികയുടെ മുന്‍നിരയിലെത്തി.
ദീപക കഴിഞ്ഞാല്‍ ഏറ്റവുമധികം നികുതി നല്‍കുന്ന ബോളിവുഡ് താരം ആലിയ ഭട്ടാണ്. പ്രതിവര്‍ഷം 5-6 കോടി രൂപയാണ് ആലിയ നികുതിയായി അടയ്ക്കുന്നത്.
2013-2014 സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി രൂപയിലധികം നികുതി അടച്ച കത്രീന കൈഫായിരുന്നു ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന ബോളിവുഡ് താരം.
എന്നാല്‍ തന്റെ സമീപകാല പ്രോജക്റ്റുകളില്‍ വന്‍വിജയം നേടുകയും ബിസിനസ്സ് സംരംഭങ്ങള്‍ വിപുലീകരിക്കുകയും ചെയ്തതോടെ ദീപിക പദുക്കോണ്‍ കത്രീനയെ മറികടക്കുകയായിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുകോണിന്റെ ആസ്തി ഏകദേശം 500 കോടി രൂപയാണ്. 620 കോടി മൂല്യമുള്ള പ്രിയങ്ക ചോപ്ര ജോനാസിന്റെ തൊട്ടുപിന്നിലാണ് ദീപികയുടെ സ്ഥാനം. ബോളിവുഡിനൊപ്പം ഹോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് പ്രിയങ്ക.
മൂന്നാം സ്ഥാനത്ത് കരീന കപൂറാണ്. 485 കോടി രൂപയാണു കരീനയുടെ ആസ്തി.