4 Aug 2025 3:05 PM IST
Summary
ഉത്സവ സീസണിന് മുന്നോടിയായുള്ള പ്രതിസന്ധി കമ്പനികളെ വെട്ടിലാക്കുന്നു
ഉത്സവ സീസണിന്റെ തിരക്കിന് മുന്നോടിയായി ക്വിക്ക് കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറി ജീവനക്കാരുടെ കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന കൊഴിഞ്ഞുപോക്ക്, അസ്ഥിരമായ പേഔട്ടുകള്‍, പുതിയ കമ്പനികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന മത്സരം തുടങ്ങിയവ ഇതിന് കാരണമാകുന്നതായാണ് കണ്ടെത്തല്‍.
ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഒഴിവുകളുടെ നിരക്ക് ചില നഗരങ്ങളില്‍ 30 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.
കമ്പനികള്‍ അവരുടെ പ്രവര്‍ത്തന പരിധി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് ജീവനക്കാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഡെലിവറി നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇതനുസരിച്ച് കമ്പനികള്‍ ജീവനക്കാരെ നിയമിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ഡാര്‍ക്ക് സ്റ്റോറുകള്‍ കൂടുതലായി തുറക്കുന്നു. ഇത് കുറഞ്ഞ മനുഷ്യശേഷി ഉപയോഗിച്ച് പൂര്‍ണമായി ഉപയോഗിക്കാനാവില്ലെന്നും റിക്രൂട്ടിംഗ് കമ്പനികള്‍ പറയുന്നു.
ജൂണ്‍ പാദത്തില്‍ മാത്രം ബ്ലിങ്കിറ്റ് 243 പുതിയ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ത്തു, ഇതോടെ അവരുടെ ആകെ സ്റ്റോറുകളുടെ എണ്ണം 1,544 ആയി. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഇപ്പോള്‍ 1,062 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, അതേസമയം ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ്, ആമസോണ്‍ നൗ തുടങ്ങിയ പുതിയ കമ്പനികള്‍ മുന്‍നിര മെട്രോകളില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്, ഇത് ഇതിനകം തന്നെ ദുര്‍ബലമായ ഒരു തൊഴില്‍ ശക്തിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
സമ്മര്‍ദ്ദം ശക്തമാകുന്നതോടെ മാസങ്ങള്‍ക്കുശേഷം ജീവനക്കാര്‍ മറ്റ് ജോലിതേടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ടീംലീസ് സര്‍വീസസ് കണക്കാക്കുന്നത് നിലവിലെ ശരാശരി ഗിഗ് വര്‍ക്ക്‌ഫോഴ്സ് ദൈര്‍ഘ്യം നാല് മുതല്‍ ആറ് മാസം വരെയാണ്.
അഡെക്കോ ഇന്ത്യയുടെ കണക്കനുസരിച്ച്, ക്വിക്ക് കൊമേഴ്സിലെ ശരാശരി ഓര്‍ഡറിന് ലഭിക്കുന്ന പേഔട്ടുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.