17 April 2025 4:50 PM IST
Summary
- പുതിയ പ്ലാന്റില്‍ ആയിരം കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ്
- പ്ലാന്റിനായി എപിഐസി അഗ്രോ പ്രൊഡക്റ്റ് ലിമിറ്റഡിന് പ്ലോട്ട് അനുവദിച്ചിട്ടുണ്ട്
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ബ്രാന്‍ഡായ കാമ്പ കോള ബീഹാറില്‍ പുതിയ ബോട്ട്‌ലിംഗ് പ്ലാന്റ് തുറക്കും. ബിഹാറിലെ ബെഗുസാരായ് ജില്ലയില്‍ 35 ഏക്കര്‍ സ്ഥലത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ ഏകദേശം ആയിരം കോടി രൂപ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാമ്പ കോള ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയായ എപിഐസി അഗ്രോ പ്രൊഡക്റ്റ് ലിമിറ്റഡിന് പ്ലോട്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ഏജന്‍സിയായ ബീഹാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ബോട്ടിലിംഗും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്നതായിരിക്കും വരാനിരിക്കുന്ന സൗകര്യം. കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നത്. അസമില്‍ സമാനമായ ഒരു പ്ലാന്റ് ആരംഭിച്ച് വെറും രണ്ട് മാസത്തിന് ശേഷമാണ് ഈ നീക്കം.
ഈ വര്‍ഷം ഫെബ്രുവരിയില്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കാമ്പ കോളയുടെ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് അസമിലെ ഗുവാഹത്തിയില്‍ ഒരു പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
കാമ്പ കോളയെ ഏറ്റെടുത്തതിനുശേഷം 2022 ഓഗസ്റ്റില്‍ അതിവേഗം വളരുന്ന പാനീയ വിപണിയില്‍ പ്രവേശിച്ച റിലയന്‍സ്, വിതരണ ശൃംഖല, ലോജിസ്റ്റിക് ശൃംഖല, ബോട്ടിലിംഗ് പ്ലാന്റുകള്‍ എന്നിങ്ങനെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിക്കുകയാണ്.
കോള വിഭാഗത്തിലെ മുന്‍നിര കമ്പനികളായ കൊക്കകോള, പെപ്സികോ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന കാമ്പ, ആക്രമണാത്മക വിലനിര്‍ണയവും ചില്ലറ വ്യാപാരികള്‍ക്ക് ഉയര്‍ന്ന മാര്‍ജിനും ഏര്‍പ്പെടുത്തി. ഇത് നിലവിലുണ്ടായിരുന്ന സംവിധാനത്തെ തകര്‍ത്തു.തിരഞ്ഞെടുത്ത വിപണികളില്‍ വില കുറയ്ക്കാന്‍ മറ്റ് കമ്പനികളെ ഈ നടപടി നിര്‍ബന്ധിതരാക്കി.
കാമ്പ ബ്രാന്‍ഡ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപ വിറ്റുവരവ് കടക്കുമെന്ന് റിലയന്‍സ് പ്രവചിച്ചിട്ടുണ്ട്. കാമ്പ ബ്രാന്‍ഡിന് കീഴില്‍, കോള, ഓറഞ്ച്, നാരങ്ങ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പാനീയ വകഭേദങ്ങള്‍ ആര്‍സിപിഎല്‍ പുറത്തിറക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ യുഎഇയിലും കാമ്പ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. കൂടാതെ മറ്റ് മിഡില്‍ ഈസ്റ്റേണ്‍ വിപണികളിലേക്കും ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.