12 Sept 2025 3:13 PM IST
Summary
വിലയ്ക്ക് ആനുപാതികമായി ഉല്‍പ്പന്ന അളവ് കൂട്ടാമെന്നും കമ്പനികള്‍
ചെറിയ പായ്ക്കറ്റ് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി ഇളവ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറാന്‍ സാധിക്കില്ലെന്ന് എഫ്എംസിജി കമ്പനികള്‍. പകരമായി വിലയ്ക്ക് ആനുപാതികമായി ഉല്‍പ്പന്ന അളവ് കൂട്ടാമെന്നും നിര്‍ദേശം. 5 രൂപ, 10 രൂപ, 20 രൂപ വിലയുള്ള പാക്കറ്റ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലാണ് കമ്പനികളുടെ ആവശ്യം വന്നിരിക്കുന്നത്.
20 രൂപ എംആര്‍പിയില്‍ വിറ്റിരുന്ന ബിസ്‌ക്കറ്റിന് നേരത്തെ 18 ശതമാനമായിരുന്നു ജിഎസ്ടി. ഇപ്പോഴത് 5 ശതമാനമാക്കി.ഇത് അനുസരിച്ച് വില കുറച്ചാല്‍ അത് 17 രൂപ 80 പൈസയോ 18 രൂപയോ ആയി മാറും. ഇത് ഉപഭോക്താക്കളുടെ സൈക്കോളജിയുമായി പൊരുത്തപ്പെടില്ല. ചെറിയ വിലയില്‍ ഉള്ള ഉല്‍പ്പന്നമെന്ന തോന്നല്‍ ഇത് ഇല്ലാതാക്കും. പകരം വിലകള്‍ നിലനിര്‍ത്തി പാക്കറ്റ് വലിപ്പം കൂട്ടാമെന്നാണ് കമ്പനികള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്. ഉപഭോക്താവ് 5 രൂപ, 10 രൂപ, 20 രൂപ എന്നീ വില ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നത് പതിവാണ്. സോപ്പ്, ടൂത്ത്‌പേസ്റ്റ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങളാണ് ഈ വിലയില്‍ വരുന്നത്. ഈ ജനപ്രിയ വില നിലവാരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കമ്പനി എക്സിക്യൂട്ടിവുകളും പ്രതികരിക്കുന്നത്. അതേസമയം ജിഎസ്ടി ഇളവ് ഉപഭോക്താവിലേക്ക് എത്തുക എന്നത് നിര്‍ബന്ധമാണെന്നാണ് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം നികുതി വകുപ്പ് അനുവദിക്കുമോയെന്നത് സംശയമാണ്.