12 Jun 2023 4:15 PM IST
Summary
- ഡെലിവറി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ആദ്യ യുഎസ് നഗരമായി ന്യൂയോര്‍ക്ക്
- മിനിമം കൂലി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് രീതി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം ഡെലിവറി ആപ്പുകള്‍ക്ക് ഉണ്ടായിരിക്കും
- ഏകദേശം 60,000-ത്തോളം ഫുഡ് ഡെലിവറി ജീവനക്കാര്‍ നഗരത്തില്‍ ജോലി ചെയ്യുന്നുണ്ട്
ന്യൂയോര്‍ക്ക് നഗരത്തിലെ ഫുഡ് ആപ്പ് ഡെലിവറി തൊഴിലാളികള്‍ക്ക് ജുലൈ 12 മുതല്‍ മണിക്കൂറിന് 17.96 ഡോളര്‍ (ഏകദേശം 1480 രൂപ) വരുമാനമായി ലഭിക്കും. നിലവില്‍ ലഭിച്ചിരുന്നതിനേക്കാള്‍ പത്ത് ഡോളറിന്റെ വര്‍ധനയാണ് ഇതോടെ ഉണ്ടാകുന്നത്. ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് ജൂണ്‍ 11 ഞായറാഴ്ചയാണ് മിനിമം കൂലി ഉറപ്പാക്കുന്നതായി പ്രഖ്യാപിച്ചത്.
ജിഗ് ഇക്കണോമിയില്‍ (gig economy) ഡെലിവറി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ആദ്യ യുഎസ് നഗരമായി ഇതോടെ ന്യൂയോര്‍ക്ക് മാറി.
ഊബര്‍ ഈറ്റ്‌സ് (uber eats), ഡോര്‍ ഡാഷ് (DoorDash), ഗ്രബ് ഹബ് (GrubHub) എന്നിവയാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ഫുഡ് ആപ്പുകള്‍. ഏകദേശം 60,000-ത്തോളം ഫുഡ് ഡെലിവറി ജീവനക്കാര്‍ നഗരത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഇതുവരെ മണിക്കൂറിന് ലഭിച്ചിരുന്ന വേതനം 7.09 ഡോളറായിരുന്നു.
ഡെലിവറി ജീവനക്കാര്‍ക്ക് പുതിയ മിനിമം കൂലി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് രീതി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം ഡെലിവറി ആപ്പുകള്‍ക്ക് ഉണ്ടായിരിക്കും.
ജീവനക്കാര്‍ മിനിമം കൂലിക്കു വേണ്ടുന്ന ആവശ്യകതകള്‍ നിറവേറ്റി കഴിഞ്ഞാല്‍ അവര്‍ക്കുള്ള കൂലി ഓരോ ട്രിപ്പിനോ, ഓരോ മണിക്കൂറിനോ കണക്കാക്കി നല്‍കാം. അതുമല്ലെങ്കില്‍ ആപ്പുകള്‍ക്ക് അവരുടെ സ്വന്തം രീതി അനുസരിച്ചോ കൂലി നല്‍കാം.
ഡെലിവറി ജീവനക്കാര്‍ ഡെലിവറിക്കുള്ള ഒരു ട്രിപ്പിനായി കാത്തിരിക്കുന്ന സമയത്തിനും അവര്‍ ഡെലിവറിക്കായി യാത്ര ചെയ്യുന്ന സമയത്തിനും ഒരു മിനിറ്റിന് മിനിമം 0.30 ഡോളര്‍ എങ്കിലും നല്‍കണമെന്നാണ് അനുശാസിക്കുന്നത്.
ന്യൂയോര്‍ക്ക് നഗരത്തിലെ ഉദ്യോഗസ്ഥരും ആപ്പ് കമ്പനികളും ഡെലിവറി ജീവനക്കാരും തമ്മിലുള്ള നിരന്തരമായ ചര്‍ച്ചയുടെ ഫലമായിട്ടാണ് മിനിമം കൂലി ഉറപ്പാക്കി കൊണ്ടുള്ള തീരുമാനമെടുക്കാന്‍ ന്യൂയോര്‍ക്ക് നഗരത്തെ പ്രേരിപ്പിച്ചത്.
കോവിഡ്19 മഹാമാരിയുടെ ആരംഭകാലം മുതലാണ് ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വന്‍തോതില്‍ പ്രചാരം ലഭിച്ചത്. ആപ്പ് അധിഷ്ഠിത ഡെലിവറി തൊഴിലാളികള്‍ മഹാമാരിക്കാലത്ത് തങ്ങളുടെ ജീവന്‍ വരെ പണയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരവാസികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയത്. കോവിഡ്19 വന്‍നാശം വിതച്ച നഗരങ്ങളിലൊന്ന് കൂടിയാണ് ന്യൂയോര്‍ക്ക്. കോവിഡ്19 പൊട്ടിപ്പുറപ്പെട്ട സമയത്ത് ആളുകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞപ്പോള്‍ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ എല്ലാ ആരോഗ്യഭീഷണികളെയും അതിജീവിച്ച് എത്തിച്ചു നല്‍കിയത് ഡെലിവറി ജീവനക്കാരായിരുന്നു.
2019-ല്‍, യുഎസ് റെസ്റ്റോറന്റിന്റെ മൊത്തം വില്‍പ്പനയുടെ ഏഴ് ശതമാനം ഡെലിവറിയിലൂടെയായിരുന്നു. 2021-ല്‍ ഇത് ഏകദേശം ഒന്‍പത് ശതമാനമായി വര്‍ധിച്ചു.
2021-ല്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ നിയമത്തെ തുടര്‍ന്നാണ് മിനിമം കൂലി ഉറപ്പാക്കിയത്. ഈ നിയമം അനുസരിച്ച് ഡെലിവറി തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിക്കാന്‍ ഉപഭോക്തൃ, തൊഴിലാളി സംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.