image

18 Dec 2022 6:00 PM IST

Industries

ആറ് ധാതു ഖനന ബ്ലോക്കുകള്‍ കൂടി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

MyFin Desk

mineral extraction
X

Summary

  • 2024 അവസാനത്തോടെ 500 ഖനികള്‍ ലേലം ചെയ്യുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.


ഡെല്‍ഹി: ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആറ് ധാതു ഖനന ബ്ലോക്കുകള്‍ കൂടി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ലേലം ചെയ്ത ആറ് ബ്ലോക്കുകളില്‍ മൂന്നെണ്ണം ഇരുമ്പയിര് (ബോക്സൈറ്റ്) ബ്ലോക്കുകളും, മൂന്നെണ്ണം ചുണ്ണാമ്പ്കല്ല് (ലൈംസ്റ്റോണ്‍) ബ്ലോക്കുകളുമാണ്.

ബല്ലാഡ, കുത്രുമാലി എന്നീ ഇരുമ്പയിര് ബ്ലോക്കും, ഖരാമുര, ഉസ്‌കലാബ്ഗ് എന്നീ ചുണ്ണാമ്പ് കല്ല് ബ്ലോക്കുകളും ഒഡീഷയിലാണ്. നിമാന-ദുനിയാ ചുണ്ണാമ്പ്കല്ല് ഖനന ബ്ലോക്ക് രാജസ്ഥാനിലെ കോട്ടയിലാണ്.

നവംബര്‍ മാസത്തിലാണ് ആറ് ബ്ലോക്കുകളിലേക്കും ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നത്. 1957-ലെ എംഎംഡിആര്‍ (മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട്) നിയമ ഭേദഗതിക്ക് ശേഷം 2015ല്‍ 10 സംസ്ഥാനങ്ങളിലായി നവംബര്‍ 30 വരെ 216 മിനറല്‍ ബ്ലോക്കുകള്‍ ലേലം ചെയ്തു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും രണ്ട് ചുണ്ണാമ്പുകല്ല് ധാതു ബ്ലോക്കും, ഒരു ഇരുമ്പയിര് ധാതു ബ്ലോക്കും കഴിഞ്ഞ മാസം ലേലം ചെയ്തിരുന്നു.

2015-16ല്‍ ലേലത്തിലൂടെ ധാതു ബ്ലോക്കുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2024 അവസാനത്തോടെ 500 ഖനികള്‍ ലേലം ചെയ്യുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ഖനന മേഖലയുടെ സംഭാവന ഇപ്പോള്‍ 2.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.