image

13 Dec 2022 12:06 PM IST

Industries

ഒക്ടോബറില്‍ വ്യാവസായിക ഉത്പാദനം നാല് ശതമാനം ഇടിഞ്ഞു

MyFin Desk

iip industrial production fell down
X


ഡെല്‍ഹി: രാജ്യത്തെ വ്യാവസായിക ഉത്പാദനത്തില്‍ ഒക്ടോബറില്‍ നാല് ശതമാനത്തിന്റെ ഇടിവ്. നിര്‍മാണ മേഖലയിലെ ഉത്പാദനം കുറഞ്ഞതും, ഖനനം, ഊര്‍ജ്ജ ഉത്പാദനം എന്നിവയിലെ വളര്‍ച്ച കുറഞ്ഞതുമാണ് വ്യാവസായിക ഉത്പാദനം കുറയാന്‍ കാരണമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

2021 ഒക്ടോബറില്‍ വ്യാവസായിക ഉത്പാദനം 4.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിലും വ്യാവസായിക ഉത്പാദനം 3.1 ശതമാനം ഉയര്‍ന്നിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം നിര്‍മാണ മേഖലയിലെ ഉത്പാദനം ഈ വര്‍ഷം ഒക്ടോബറില്‍ 5.6 ശതമാനം കുറഞ്ഞു. ഇതേ കാലയളവില്‍ ഖനന മേഖലയുടെ ഉത്പാദനം 2.5 ശതമാനമാണ് രേഖപ്പെടുത്തിയത്. ഊര്‍ജ്ജ രംഗം 1.2 ശതമാനത്തിന്റെ നേരിയ നേട്ടം കൈവരിച്ചു.

തിങ്കളാഴ്ച്ച പുറത്തുവന്ന ഒക്ടോബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 5.88 ശതമാനമായി താണിരുന്നു. പത്ത് മാസത്തിന് ശേഷമാണ് ആര്‍ബിഐയുടെ ഉയര്‍ന്ന സഹനപരിധിയായ ആറ് ശതമാനത്തിനു താഴെ രാജ്യത്തെ പണപ്പെരുപ്പം എത്തുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ആര്‍ബിഐയുടെ സഹന പരിധിക്ക് മുകളില്‍ തുടരുന്നത് സമ്പദ് വ്യവസ്ഥയില്‍ വലിയ സമ്മര്‍ദമുണ്ടാക്കിയിരുന്നു. പണപ്പെരുപ്പത്തിന്റെ കുറഞ്ഞ സഹന പരിധി രണ്ടും കൂടിയ പരിധി ആറും ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍, 2026 ല്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ഉയര്‍ന്ന നിലിയല്‍ തുടരുന്ന പണപ്പെരുപ്പം ആര്‍ബിഐയ്ക്കും വലിയ സമ്മര്‍ദമുണ്ടാക്കിയിരുന്നു. പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ആര്‍ബിഐ റിപ്പോ നിരക്കില്‍ 2.25 ശതമാനമാണ് വര്‍ധന വരുത്തിയത്. ഇത് വായ്പാ പലിശയില്‍ പ്രതിഫലിക്കുകയും ബാങ്ക് വായ്പകളുടെ നിരക്ക് 2.5 ശതമാനം വരെ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. പണപ്പെരുപ്പത്തിലെ അപ്രതീക്ഷിത കുറവ് തുടര്‍ന്നുള്ള ആര്‍ബി ഐ നയങ്ങളിലും പ്രതിഫലിക്കാനാണ് സാധ്യത. മറ്റൊരു റിപ്പോ നിരക്ക് വര്‍ധനയില്‍ നിന്ന് ആര്‍ബിഐ ഒഴിവാകാന്‍ ഇത് കാരണമാകും.