image

14 Aug 2023 6:36 PM IST

Industries

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം തുറന്നു

MyFin Desk

lulu groups seafood export center
X

Summary

  • ലുലു ഗ്രൂപ്പിന് 10000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം
  • കളമശേരിയില്‍ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്‍റെ പണി ഉടന്‍ തുടങ്ങും


കൊച്ചി : റീട്ടെയ്ല്‍ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്‌കരണ കയറ്റുമതി രംഗത്തും കേരളത്തില്‍ പുതിയ വികസന അധ്യായം തുറന്ന് ലുലു ഗ്രൂപ്പ്.

സംസ്ഥാനത്തെ ഏറ്റവും ബൃഹത്തും പൂര്‍ണമായും ഓട്ടോമാറ്റിക്കും നൂതന സജ്ജീകരണങ്ങളുമുള്ള ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിന് 150 കോടി രൂപയാണ് മുതല്‍മുടക്ക്. പ്രതിമാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇരുപത്തിനാലു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എണ്ണൂറ് പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ഏറ്റവും നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് വലിയ കൈത്താങ്ങാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും കൂടുതല്‍ യൂണിറ്റുകള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ഈ കേന്ദ്രത്തിലൂടെ ലുലു ഉറപ്പ് വരുത്തുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റുണ്ട്.

കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. മത്സ്യത്തിന് മികച്ച വില തൊഴിലാളികള്‍ക്ക് ലഭിക്കാനും പുതിയ പദ്ധതി വഴിതുറക്കും. പച്ചക്കറി പഴം കയറ്റുമതിയില്‍ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ടറാണ് ലുലു ഗ്രൂപ്പ്. ഈജിപ്ത്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിലെ സൈനിക സംവിധാനങ്ങള്‍ക്ക് വരെ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഈ വര്‍ഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി.

ലുലുഗ്രൂപ്പിന്റെ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കുന്നു. എം പി ഇ ഡി ഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്മാരായ എം എ അല്‍ത്താഫ്, എം എ സലിം, ലുലു സി ഒ ഒ സലിം വി ഐ തുടങ്ങിയവര്‍ സമീപം

കേരളത്തില്‍ നിന്നുള്ള മത്സ്യഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാന്‍, കൊറിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.വിദേശത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും 6,200 കോടി രൂപയുടെ പഴം പച്ചക്കറികള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മത്സ്യ മാംസവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 560 കോടി രൂപയുടേതാണ്. കേരളത്തില്‍ നിന്നുള്ള കയറ്റുമതി വിഹിതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിയിലൂടെ ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്.

മറൈന്‍ പ്രൊഡ്കട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവല്‍പ്പ്‌മെന്റ് അതോറിറ്റി ( എംപിഇഡിഎ) ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ്് ഓഫീസര്‍ സലീം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ, ലുലു ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ടസ് സിഇഒ നജ്മുദ്ദീന്‍ ഇബ്രാഹിം, ഫെയര്‍ എക്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ അനില്‍ ജലധാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.