image

3 Sept 2025 9:22 AM IST

Oil and Gas

ഇറാന്റെ എണ്ണ വ്യാപാരം; ഫലം കാണാതെ യുഎസ് ഉപരോധം

MyFin Desk

ഇറാന്റെ എണ്ണ വ്യാപാരം;   ഫലം കാണാതെ യുഎസ് ഉപരോധം
X

Summary

ടെഹ്‌റാന്റെ എണ്ണ കയറ്റുമതി 12 മാസത്തിനിടെ പുതിയ ഉയരത്തിലെത്തി


അമേരിക്കയുടെ കനത്ത ഉപരോധത്തിനിടയിലും ഇറാന്റെ എണ്ണ വ്യാപാരത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 12 മാസത്തിനിടെ ഇറാന്റെ അസംസ്‌കൃത എണ്ണയുടെയും കണ്ടന്‍സേറ്റിന്റെയും കയറ്റുമതി പുതിയ ഉയരത്തിലെത്തി.

ഇറാനിയന്‍ എണ്ണ മന്ത്രാലയത്തില്‍നിന്നുള്ള വിവരമനുസരിച്ച് എണ്ണ കയറ്റുമതി സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ചാലകശക്തിയായി തുടരുന്നു. ഇത് സര്‍ക്കാര്‍ വരുമാനത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ സംഭാവന ചെയ്യുകയും അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക വികസനം, സാമൂഹിക പരിപാടികള്‍ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഊര്‍ജ്ജ നയതന്ത്രത്തിന്റെ ഒരു പ്രധാന ഉപകരണമായും ഇത് പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ, 465 നടപടികളടങ്ങുന്ന 14 ഉപരോധ പാക്കേജുകള്‍ യുഎസ് ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര ഓയില്‍ ട്രാക്കര്‍മാര്‍ ഈ വര്‍ദ്ധനവ് സ്ഥിരീകരിച്ചു. കെപ്ലറില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് മാര്‍ച്ചില്‍ ചൈനയിലേക്കുള്ള കയറ്റുമതി പ്രതിദിനം 1.81 ദശലക്ഷം ബാരലിലെത്തിയെന്നാണ്.

ഇത് 2024 ലെ ശരാശരിയേക്കാള്‍ 22 ശതമാനം കൂടുതലാണ്. 2025 ന്റെ ആദ്യ പകുതിയില്‍ പ്രതിദിനം ശരാശരി 1.7 ദശലക്ഷം ബാരല്‍ കയറ്റുമതി നടന്നതായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വോര്‍ടെക്‌സ ജൂണ്‍ അവസാനത്തില്‍ പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ എന്ന ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഇറാന്‍ ഉള്‍പ്പെട്ട 12 ദിവസത്തെ സായുധ സംഘര്‍ഷത്തോടൊപ്പമായിരുന്നു ഈ കയറ്റുമതിയും.

എണ്ണ മേഖലയിലെ തൊഴിലാളികളുടെ പ്രതിരോധശേഷിയും സമ്മര്‍ദ്ദത്തിന്‍ കീഴിലുള്ള പൊരുത്തപ്പെടുത്തല്‍ തന്ത്രങ്ങളുമാണ് ഈ വര്‍ധനവിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കര്‍ശന നിയന്ത്രണങ്ങള്‍ നേരിടുന്നതിന് വ്യവസായം കൂടുതല്‍ സങ്കീര്‍ണ്ണമായ നടപടികളുമായി പ്രതികരിക്കുന്നത് തുടരുകയാണെന്ന് ഫെബ്രുവരിയില്‍ ഇറാന്റെ എണ്ണ മന്ത്രി മൊഹ്സെന്‍ പക്നെജാദ് പറഞ്ഞിരുന്നു.