image

3 Jun 2025 4:11 PM IST

Oil and Gas

റഷ്യന്‍ എണ്ണ ഇറക്കുമതി 10 മാസത്തെ ഉയര്‍ന്ന നിലയില്‍

MyFin Desk

russian oil imports hit 10-month high
X

Summary

ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരലായി ഉയര്‍ന്നു


മെയ് മാസത്തില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 10 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ഇറക്കുമതി 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ പ്രതിദിനം 1.96 ദശലക്ഷം ബാരലായി ഉയര്‍ന്നതായി കെപ്ലറില്‍ നിന്നുള്ള ഷിപ്പ്-ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ആഗോള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായ വിലക്കുറവില്‍ ലഭ്യത തുടരുന്നതാണ് ഇറക്കുമതി വര്‍ധിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. വിദേശത്ത് നിന്ന് ഏകദേശം 5.1 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്. ഇത് ശുദ്ധീകരണശാലകളില്‍ പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങളാക്കി മാറ്റുന്നു.ഇതില്‍ ഏറ്റവും വലിയ വിതരണക്കാരന്‍ റഷ്യയായിരുന്നു, വിതരണത്തിന്റെ 38 ശതമാനത്തിലധികവും അവരാണ്. ഇന്ത്യയ്ക്ക് പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ വില്‍പ്പന നടത്തി ഇറാഖ് രണ്ടാമത്തെ വലിയ വിതരണക്കാരനെന്ന സ്ഥാനം നിലനിര്‍ത്തി. സൗദി അറേബ്യ പ്രതിദിനം 6,15,000 ബാരല്‍ കയറ്റുമതി ചെയ്തപ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പ്രതിദിനം 4,90,000 ബാരല്‍ വിതരണം ചെയ്തു.

ഉക്രെയ്ന്‍ അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയില്‍ നിന്ന് വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തുടങ്ങിയത്. റഷ്യന്‍ എണ്ണ ഗണ്യമായ വിലക്കുറവില്‍ ലഭ്യമായിരുന്നതിനാലാണിത്.

ഇത് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നാടകീയമായ വര്‍ദ്ധനവിന് കാരണമായി, മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 1 ശതമാനത്തില്‍ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ 40-44 ശതമാനമായി ഉയര്‍ന്നു.