4 Aug 2025 4:54 PM IST
Summary
ഇന്ത്യന്‍ റിഫൈനറികളിലേക്ക് റഷ്യന്‍ എണ്ണ എത്തി
റഷ്യന്‍ എണ്ണ വിഷയത്തില്‍ അമേരിക്കന്‍ ഭീഷണിയ്ക്ക് വഴങ്ങാതെ ഇന്ത്യ. റിലയന്‍സ്, നയാര തുടങ്ങിയ റിഫൈനറികളിലേക്ക് റഷ്യന്‍ എണ്ണ എത്തി.
റഷ്യന്‍ എണ്ണ വാങ്ങിയാല്‍ താരിഫ് കൂടാതെ പിഴ കൂടി ചുമത്തുമെന്ന യുഎസ് സമ്മര്‍ദ്ദം ഇന്ത്യ തള്ളി കളഞ്ഞെന്ന സൂചനയാണ് പുറത്ത് വരുന്നത്. കഴിഞ്ഞയാഴ്ച അവസാനം ദശലക്ഷക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യന്‍ കമ്പനികളിലേക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
റഷ്യന്‍ എണ്ണ സാധാരണ നിലയില്‍ തന്നെ രാജ്യത്തേക്ക് എത്തുന്നുണ്ട്. ഡിസ്‌കൗണ്ട് വിലയില്‍ തന്നെയാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം, ഈ നടപടിയിലൂടെ ഇന്ത്യ ഉക്രെയ്ന്‍ യുദ്ധത്തിന് റഷ്യയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ ആരോപിച്ചു.
ചൈനയോടൊപ്പം ചേര്‍ന്നാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്നറിഞ്ഞാല്‍ ആളുകള്‍ ഞെട്ടിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ സാഹചര്യവും രാജ്യതാല്‍പര്യവും വിലയിരുത്തിയാണ് ഇന്ത്യ ഊര്‍ജോല്‍പന്നങ്ങള്‍ വാങ്ങുന്നതെന്നാണ് വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം.