23 March 2026 9:49 PM IST
Summary
നിലവില്‍ നിക്ഷേപകരും ലോകരാജ്യങ്ങളും യുഎസ്-ഇറാന് ചര്‍ച്ചകളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ പോസിറ്റീവായി മുന്നോട്ട് പോയാല്‍ എണ്ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ട്
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നിന്ന വിപണികള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ട്രംപിന്റെ പുതിയ നിലപാട്. സംഘര്‍ഷത്തിന്റെ പാതയില്‍ നിന്ന് ചര്‍ച്ചകളിലേക്ക് വഴിമാറുന്നതിലൂടെ രാജ്യാന്തര തലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയ്ക്കും ഇതോടെ താല്‍ക്കാലിക പരിഹാരമായി.
നേരത്തെ വിതരണ തടസ്സം ഭയന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 113 ഡോളര്‍ വരെ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ വിലയില്‍ 6.2 ശതമാനത്തിന്റെ വന്‍ ഇടിവ് രേഖപ്പെടുത്തി 100.34 ഡോളറായി കുറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആദ്യം മുന്നറിയിപ്പ് നല്കിയ ട്രംപ്, പിന്നീട് ഇറാനുമായി 'വളരെ നല്ലതും ഫലപ്രദവുമായ' സംഭാഷണങ്ങളാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഈ സ്വരമാറ്റമാണ് വിപണിയില്‍ പെട്ടെന്നുള്ള വിലക്കുറവിന് കാരണമായത്.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ പരിഹാരം കാണുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകളിലെ പുരോഗതി പരിഗണിച്ച് ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. വരും ദിവസങ്ങളിലെ ചര്‍ച്ചകളുടെ സ്വഭാവമനുസരിച്ചായിരിക്കും ഈ താല്‍ക്കാലിക വിരാമം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
നിലവില്‍ നിക്ഷേപകരും ലോകരാജ്യങ്ങളും യുഎസ്-ഇറാന് ചര്‍ച്ചകളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ പോസിറ്റീവായി മുന്നോട്ട് പോയാല്‍ എണ്ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചര്‍ച്ചകളില്‍ എന്തെങ്കിലും തിരിച്ചടിയോ വീണ്ടും പിരിമുറുക്കമോ ഉണ്ടായാല്‍ വില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയരാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
