22 Jun 2025 10:32 AM IST
Summary
റഷ്യയില്‍ നിന്ന് പ്രതിദിനം 2-2.2 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധ്യത
പശ്ചിമേഷ്യാ സംഘര്‍ഷത്തെതുടര്‍ന്ന് ജൂണില്‍ ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചു.സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരില്‍ നിന്ന് മൊത്തം വാങ്ങുന്നതിനേക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ ഇസ്രയേലുമായി നേരിട്ട് ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് കേന്ദ്രങ്ങള്‍ യുഎസ് സൈന്യം ആക്രമിക്കുകയും ചെയ്തു.
ജൂണില്‍ ഇന്ത്യന്‍ റിഫൈനറുകള്‍ പ്രതിദിനം 2-2.2 ദശലക്ഷം ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ട് - കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതും ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ മൊത്തം അളവിനേക്കാള്‍ കൂടുതലുമാണിതെന്ന് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നു.
മെയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരല്‍ ആയിരുന്നു. ജൂണില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 439,000 ബാരലായി ഉയര്‍ന്നു, കഴിഞ്ഞ മാസം ഇത് 280,000 ബാരലായിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ. പരമ്പരാഗതമായി മിഡില്‍ ഈസ്റ്റില്‍ നിന്ന് എണ്ണ ശേഖരിച്ചുവന്നിരുന്ന ഇന്ത്യ, 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയില്‍ നിന്ന് വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. പാശ്ചാത്യ ഉപരോധങ്ങളും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങലുകള്‍ ഒഴിവാക്കിയതും കാരണം റഷ്യന്‍ എണ്ണ ഗണ്യമായ വിലക്കുറവില്‍ ലഭ്യമായിരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.
ഇത് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നാടകീയമായ വര്‍ദ്ധനവിന് കാരണമായി, മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 1 ശതമാനത്തില്‍ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ 40-44 ശതമാനമായി ഉയര്‍ന്നു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഇതുവരെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ലോഡിംഗില്‍ കുറവുണ്ടാകുമെന്നാണ് സൂചന.
വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ സ്ഥിതിചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക്, സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന മാര്‍ഗമാണ്. ഖത്തറില്‍ നിന്നുള്ള നിരവധി ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതികളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ടെഹ്റാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അടച്ചുപൂട്ടല്‍ അന്താരാഷ്ട്ര സൈനിക നടപടിക്കും കാരണമാകും. ഇറാനിയന്‍ നാവിക സേനയുടെ ഏതൊരു നീക്കവും മുന്‍കൂട്ടി കണ്ടെത്താനാകുമെന്നും, ഇത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്‍കൂര്‍ പ്രതികരണത്തിന് കാരണമാകുമെന്നും കരുതപ്പെടുന്നു.