19 Sept 2025 3:28 PM IST
Summary
ഇയു രാജ്യങ്ങളിലെയും മറ്റ്17 യൂറോപ്യന്‍ രാജ്യങ്ങളുടെയും പ്രതിനിധികളാണ് തുറമുഖത്തെത്തിയത്
യൂറോപ്യന്‍ പ്രതിനിധികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു. ബ്ലൂ ഇക്കോണമി പദ്ധതിയുടെ ഭാഗമായി ആഗോള വ്യാപാരത്തിന്റെ സുപ്രധാന കവാടമായി മാറുന്ന വിഴിഞ്ഞത്തോട് താത്പര്യം പ്രകടമാക്കുന്നതായിരുന്നു സന്ദര്‍ശനം.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടേയും മറ്റ്17 യൂറോപ്യന്‍ രാജ്യങ്ങളുടെയും അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്രജ്ഞരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് വിഴിഞ്ഞത്തെത്തിയത്. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവീനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
വിഴിഞ്ഞത്തിന്റെ തന്ത്രപരമായ സവിശേഷതകളെയും ഭാവി പദ്ധതികളെയും കുറിച്ച് പ്രതിനിധികളോട് അധികൃതര്‍ വിശദീകരിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. പ്രദീപ് ജയരാമന്‍ എന്നിവര്‍ പ്രതിനിധികളെ സ്വാഗതം ചെയ്തു. ഐഐടി-മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന വെസല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, തത്സമയ ട്രാക്കിംഗ്, അതിവേഗം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള നൂതന സാങ്കേതികവിദ്യ എന്നിവയും വിദേശപ്രതിനിധികള്‍ സന്ദര്‍ശിച്ചു.