3 Sept 2025 4:23 PM IST
Summary
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക്ക് എന്നിവയുമായി ജപ്പാന്‍ കമ്പനി മിറ്റ്സുയി ചര്‍ച്ച നടത്തി
രാജ്യത്തിന്റെ ഷിപ്പിങ് മേഖലയ്ക്ക് ഇനി വികസന വസന്തം. ജാപ്പനീസ് കപ്പല്‍ ഭീമന്‍ ഇന്ത്യന്‍ നിര്‍മിത കപ്പലുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക്ക് എന്നിവയുമായി ജപ്പാന്‍ കമ്പനി മിറ്റ്സുയി ചര്‍ച്ച നടത്തി.
രാജ്യത്തിന്റെ നാവിക വൈദഗ്ധ്യം ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതിന്റെ സൂചനയായാണ് ജപ്പാന്‍ കമ്പനിയുടെ സഹകരണ നീക്കം വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ നിര്‍മിത കപ്പലുകള്‍ വാങ്ങാനുള്ള ചര്‍ച്ച തുടരുകയാണ്. ചര്‍ച്ച ധാരണയിലേക്ക് എത്തിയാല്‍ ആഗോള കപ്പല്‍ ഭീമന്‍ മീഡിയം റേഞ്ച് കാരിയറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും കാര്‍ഗോ കപ്പലുകളും കൊച്ചിയിലടക്കം ഇനി നിര്‍മിക്കും.
പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ മേഖലയെ സമ്പന്നമാക്കും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കപ്പല്‍ വില്‍പ്പനയിലെ വമ്പനായ മിറ്റ്സുയിയുമായി സഹകരിക്കുന്നത് മേഖലയിലെ ഇന്ത്യയുടെ പ്രധാന്യം എടുത്ത് കാട്ടും. കയറ്റുമതി അവസരങ്ങള്‍ വര്‍ധിക്കുന്നതിനും സാങ്കേതിക കൈമാറ്റത്തിനും നൈപുണ്യ വികസനത്തിനും ഈ നീക്കം കരുത്താവും. സമുദ്രമേഖലയില്‍ ഇന്ത്യയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭങ്ങള്‍ക്കും ഇത് ഉത്തേജനം നല്‍കുമെന്നുമാണ് വിലയിരുത്തല്‍.
കൊച്ചിന്‍ ഷിപ്പയാര്‍ഡ്, മസഗോണ്‍ ഡോക്ക് കമ്പനികള്‍ ഇക്കാലമത്രയും പ്രതിരോധ കപ്പലുകളുടെ നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ജപ്പാന്‍ കമ്പനിയുമായുള്ള സഹകരണത്തോടെ വാണിജ്യ കപ്പല്‍ നിര്‍മാണത്തിനും പുതിയ വഴികള്‍ തുറക്കും. മത്സരക്ഷമത കൂടുമ്പോള്‍ ലാഭകരമായി കപ്പല്‍ നിര്‍മാണം സാധ്യമാകുമെന്ന് എം.ഒ.എല്‍ സൗത്ത് ഏഷ്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് റീജിയന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്ടന്‍ ജയരാമനും വ്യക്തമാക്കി.
അതേസമയം, കപ്പല്‍ നിര്‍മാണ രംഗത്ത് വമ്പന്‍ ശക്തിയാകാന്‍ കൊതിക്കുന്ന ഇന്ത്യയുമായി സഹകരിക്കാന്‍ ഊഴം കാത്ത് വമ്പന്മാരുടെ നിര തന്നെയാണുള്ളത്. ദക്ഷിണ കൊറിയന്‍ കമ്പനികളായ ഹ്യൂണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ്, ഹാന്‍വ, കമ്പനികള്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തെ കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.
പക്ഷെ വന്‍കിട സമുദ്ര വാണിജ്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കണമെങ്കില്‍ ആഗോള നിലവാരത്തിലുള്ള സംവിധാനങ്ങള്‍ വേണം. ഇതിനു വലിയ നിക്ഷേപവും ആവശ്യമാണ്. അതിനാലാണ് അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കമ്പനികളുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലോക കപ്പല്‍ നിര്‍മാണ വിപണിയില്‍ ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയാണ്. ഇത് വരും വര്‍ഷങ്ങളില്‍ മുന്നേറ്റ പാതയിലേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് വന്നതോടെ കപ്പല്‍ നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഓഹരികളില്‍ വാര്‍ത്തയുടെ പ്രതിഫലനമുണ്ടാവുമെന്നാണ് കരുതുന്നത്.