image

18 April 2025 10:26 AM IST

Port & Shipping

വിഴിഞ്ഞം തുറമുഖം അടുത്തമാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

MyFin Desk

വിഴിഞ്ഞം തുറമുഖം അടുത്തമാസം   പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
X

Summary

  • തുറമുഖം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് നാല് മാസത്തിന് ശേഷമാണ് ഔപചാരിക ഉദ്ഘാടനം
  • തുറമുഖ വരുമാനത്തിന്റെ 20% കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം പങ്കിടും


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടുത്തമാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.രാവിലെ 11 മണിക്ക് വിഴിഞ്ഞത്താണ് ചടങ്ങ് നടക്കുക.

2024 ഡിസംബറില്‍ തുറമുഖം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് നാല് മാസത്തിന് ശേഷമാണ് ഔപചാരിക ഉദ്ഘാടനം നടക്കുന്നത്. പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പങ്കിടുന്നത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ വിഷയം പരിഹരിക്കുന്നതിനായി ഏപ്രില്‍ 9 ന് കരാര്‍ ഒപ്പുവച്ചു.

കരാര്‍ പ്രകാരം, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് വയബിലിറ്റി ഗ്യാപ് ഫണ്ട് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി നല്‍കും.

തുറമുഖ വരുമാനത്തിന്റെ 20% കേന്ദ്രസര്‍ക്കാരുമായി പങ്കിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

വിജിഎഫ് കരാര്‍ ഒപ്പുവച്ചതോടെ, വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. തുറമുഖം സംസ്ഥാനത്തിന് കൈമാറുന്നതോടെ ആഗോള സമുദ്ര വ്യാപാരത്തില്‍ കേരളം ഒരു മുന്‍നിര സ്ഥാനം നേടാന്‍ ഒരുങ്ങുകയാണെന്ന് വാസവന്‍ പറഞ്ഞു.

ജൂലൈ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പരീക്ഷണങ്ങള്‍ വിജയമായിരുന്നു. ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തുറമുഖം വാണിജ്യ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം, 250-ലധികം കപ്പലുകള്‍ തുറമുഖത്തെത്തി 5 ലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു.