Summary
- ബാലൻസ്ഷീറ്റിലെ ആസ്തികളുടെ വലുപ്പം കാര്യമായി കുറയും
- കെസ്ഇബിയുടെ നെഗറ്റീവ് ആസ്തി 18,202 കോടി രൂപ
- മൂന്നാം പാദത്തിൽ നഷ്ടം 310.06 കോടി രൂപ
തിരുവനന്തപുരം: കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (Comptroller & Auditor General of India (C&AG) ;സിഎജി) തുടർന്നുള്ള വർഷങ്ങളിൽ ഓഡിറ്റ് നടത്തുന്നതിലെ വിസമ്മതമുൾപ്പെടെ കർശന നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ആസ്തികളുടെ വർധിച്ച വിലയ്ക്ക് അനുസൃതമായി മൂല്യത്തിൽ ഇടിവ് (ഡിപ്രീസിയേഷൻ; depreciation) രേഖപ്പെടുത്താൻ സമ്മതിച്ചു. 2022-23 വർഷത്തിലെ കണക്കിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർ വിയോജിപ്പ് (qualification) രേഖപ്പെടുത്തിയത് കണക്കാക്കിയാണ് സിഎജി ഇങ്ങനെ ഒരു നടപടിയിലേക്കു കടന്നത്.
ഇങ്ങനെ ആസ്തികളുടെ ഡിപ്രീസിയേഷൻ കണക്കാക്കുന്നത് കമ്പനിയുടെ ബാലൻസ് ഷീറ്റിലെ ആസ്തികളുടെ വലുപ്പം കാര്യമായി കുറയ്ക്കും, മാത്രമല്ല ഇത് കമ്പനിയുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും..
ബോർഡിന്റെ എക്‌സ്‌റ്റേണൽ ഓഡിറ്റർമാർ അക്കൗണ്ടിന്റെ വിയോജിപ്പ് പല ആവർത്തി പ്രകടിപ്പിച്ചിട്ടും വർഷങ്ങളായി വർദ്ധിച്ച ആസ്തിയുടെ ഡിപ്രീസിയേഷൻ കണക്കാക്കുന്നതിൽ നിന്നും കെഎസ്ഇബിഎൽ ഒഴിഞ്ഞുമാറുകയായിരുന്നു.
പരിഹാര നടപടികളുടെ ഭാഗമായി, 2013-14 മുതൽ 2021-22 വരെയുള്ള സഞ്ചിത ഡിപ്രീസിയേഷൻ നൽകാനും മുൻ വർഷത്തെ അക്കൗണ്ടുകൾ Ind AS അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് വ്യവസ്ഥകൾ അനുസരിച്ച് പുന:സ്ഥാപിക്കാനും ബോർഡ് തീരുമാനിച്ചു.
സിഎജി ഓഡിറ്റ് നിർബന്ധം
കമ്പനിയുടെ എക്‌സ്‌റ്റേണൽ ഓഡിറ്റർമാരുടെ ഓഡിറ്റ് അവസാനിച്ചുകഴിഞ്ഞാൽ, സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും സിഎജിയുടെ തുടർന്നുള്ള ഓഡിറ്റിന് നിയമപരമായി വിധേയമാകേണ്ടതുണ്ട്.
ഒരു ഗവൺമെന്റ് കമ്പനിയുടെ തുടർന്നുള്ള ഓഡിറ്റ് നടത്താൻ സിഎജി വിസമ്മതം കാണിക്കുന്നത് വളരെ ഗൗരവമർഹിക്കുന്നതാണ്. അങ്ങനെ സംഭവിച്ചാൽ അത് കമ്പനിയുടെ വാർഷിക അക്കൗണ്ടുകൾ ഓഹരിയുടമകൾ അംഗീകരിക്കുന്നതിന് തടസ്സമാകും.
വാസ്തവത്തിൽ, കെഎസ്‌ഇബിഎൽ അക്കൗണ്ടുകളോടുള്ള വിയോജിപ്പ് എക്‌സ്‌റ്റേണൽ ഓഡിറ്റർമാർ ആവർത്തിച്ചു ചോദ്യം ചെയ്തത് ബോർഡ് അതിന്റെ അക്കൗണ്ടുകൾ തയ്യാറാക്കുന്ന രീതിയിൽ ഗുരുതരമായ പോരായ്മകൾ ഉണ്ടെന്നതിനു തെളിവാണ്; ഇത് സിഎജിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ സംഭവ വികാസങ്ങൾക്കു കാരണമായിരിക്കുന്നത്.
വിയോജിപ്പിന്റെ അർഥം
ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യഥാർത്ഥവും ന്യായവുമായ വീക്ഷണത്തെ പ്രതിനിധീകരിക്കുന്ന വിധത്തിൽ കമ്പനി അതിന്റെ സാമ്പത്തിക പ്രസ്താവനകൾ അവതരിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് സംശയം ഉദിക്കുമ്പോഴാണ് ഓഡിറ്റർമാർ കമ്പനി അക്കൗണ്ടുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്..
2013-14 മുതൽ 10,712 കോടി രൂപയുടെ വസ്തുവിനും പ്ലാന്റിനും ഉപകരണങ്ങൾക്കും ഡിപ്രീസിയേഷൻ നൽകാത്തതിന് ബാഹ്യ ഓഡിറ്റർമാർ ബോർഡിന്റെ അക്കൗണ്ടുകൾക്ക് പല വര്ഷങ്ങളായി ആവർത്തിച്ച് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
2022 ഒക്ടോബർ 6-ലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (എജി) ന്റെ കത്ത് ഇങ്ങനെ പ്രസ്താവിച്ചിരുന്നു, “സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ ആവർത്തിച്ചുള്ള 'വിയോജിപ്പ്' കണക്കിലെടുത്ത്, ബോർഡ് അതിൽ നടപടിയെടുക്കുന്നില്ലെങ്കിൽ കമ്പനി ആക്റ്റ് 2013 ലെ സെക്ഷൻ 143 (6) (ബി) പ്രകാരമുള്ള കെഎസ്ഇബി ലിമിറ്റഡിന്റെ തുടർന്നുള്ള ഓഡിറ്റ് തങ്ങൾ നടത്തുന്നതല്ല.
വാസ്തവത്തിൽ, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ 'വിയോജിപ്പിന് ബോർഡ് മറുപടികൾ നൽകിയിരുന്നു, അത് സിഎജി ഓഡിറ്റ് പാർട്ടിക്ക് നൽകുകയും ചെയ്തിരുന്നു; എന്നാൽ, കമ്പനിയുടെ മറുപടി പരിഗണിക്കാതെയാണ് സിഎജി ഓഡിറ്റ് സർട്ടിഫിക്കറ്റ് നൽകിയത്..
ഓഡിറ്റ് കമ്മിറ്റി നീക്കം
2022 ഡിസംബർ 19-ന് നടന്ന കെഎസ്ഇബിയുടെ ഓഡിറ്റ് കമ്മിറ്റി യോഗം സി ആൻഡ് എജിയുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ സാഹചര്യം വിലയിരുത്തുകയും, എടുക്കേണ്ട കർമപദ്ധതി രൂപപ്പെടുത്തുന്നതിന് മുമ്പ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ ഓരോ ഓഡിറ്റ് വിയോജിപ്പിനെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു.
കുതിച്ചുയരുന്ന കടം
തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം ബോഡിനെ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്. 2022 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് അതി ഭീകരമായ 18,202 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയാണ് കെസ്ഇബി നേരിടുന്നത്.
2022 ഡിസംബർ അവസാനം വരെ കമ്പനിയുടെ മൊത്തം കടം 16,361.6 കോടി രൂപയാണുള്ളത്. മുൻ വർഷത്തെ സാമ്പത്തിക സ്ഥിതി പുന:സ്ഥാപിക്കാനുള്ള തീരുമാനത്തോടെ, 2022 സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ 736.27 കോടി രൂപയുടെ ഗതി എന്താവുമെന്ന് കണ്ടറിയണം.
2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 310.06 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.