21 Feb 2026 12:55 PM IST
മിൽക്കി മിസ്റ്റ്, വിജയത്തിലേക്ക് ഒരു മിൽക്കിവേ.. ചെറിയ ചുവടുവയ്പാണ്, ഇന്ന് 2000 കോടി രൂപ ബിസിനസ്
MyFin Desk
Summary
മിൽക്കി മിസ്റ്റ്. പാൽ വിൽപ്പനയിൽ നിന്നുള്ള ചെറിയ ഒരു ചുവടുവയ്പാണ്. ഇന്ന് വിറ്റുവരവ് 2000 കോടി രൂപയിലേറെ.
ക്ഷീര കർഷകരുടെ കുടുംബത്തിൽ നിന്നുള്ള ഒരു സ്കൂൾ വിദ്യാർഥി. 16 വയസുള്ളപ്പോൾ നടത്തിയ ഒരു ചുവടുവയ്പാണ്. ഇന്ന് നോക്കിനടത്തുന്നത് 2000 കോടി രൂപയിലേറെ വിറ്റുവരവുള്ള ബിസിനസ്. മിൽക്കി മിസ്റ്റിന്റെ സ്ഥാപകനായ ടി. സതീഷ് കുമാറിൻ്റേത് വേറിട്ടൊരു വിജയകഥയാണ്. കുടുംബത്തിൻ്റെ പരാജയപ്പെട്ട ക്ഷീര ബിസിനസിനസ് കരകയറ്റാനാണ് സതീഷ് കുമാർ രണ്ടും കൽപ്പിച്ച് ബിസിനസിലേക്കിറങ്ങുന്നത്. ഇന്ന്, മിൽക്കി മിസ്റ്റ് ഈ രംഗത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ്.
സതീഷിന്റെ അച്ഛനും അമ്മാവനും ചേർന്നാണ് ആദ്യം പാലുൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കുന്നത്. എല്ലാ ദിവസവും ക്ഷീര കർഷകരിൽ നിന്ന് പാൽ ശേഖരിച്ച്, തണുപ്പിച്ച്, ഏകദേശം 3,000 ലിറ്റർ വലിയ ക്യാനുകൾ ബെംഗളൂരുവിലേക്ക് അയച്ചായിരുന്നു ആദ്യം വിൽപ്പന.
എന്നാൽ 1990 ൽ, സതീഷിന്റെ അമ്മാവൻ മരിച്ചതോടെ ബിസിനസ് തകർന്ന് തുടങ്ങി. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ഇഷ്ടപ്പെടുന്ന സതീഷ് ബിസിനസ് നോക്കി നടത്താൻ തീരുമാനിക്കുമ്പോൾ വെറും 16 വയസ്. ആദ്യം പാൽ വിൽപ്പനയായിരുന്നു. പാൽ പെട്ടെന്ന് കേടാകുന്നു, ലാഭവും കുറവ്.
തലവര മാറ്റിയ ചുവടുവയ്പ് ഇതാണ്
അങ്ങനിരിക്കുമ്പോഴാണ് സ്ഥിരമായി പാൽ വാങ്ങുന്നയാൾ പനീർ ഉണ്ടാക്കി ഉയർന്ന വിലയ്ക്ക് ഹോട്ടലുകൾക്ക് വിൽക്കുന്നത് കാണുന്നത്. അന്ന് ഇന്റർനെറ്റൊന്നും ഇല്ലായിരുന്നു. സതീഷും പരീക്ഷണം നടത്താൻ തീരുമാനിച്ചു. പനീർ ഉൽപാദനത്തിൻ്റെ പ്രാരംഭ ഘട്ടങ്ങൾ പഠിച്ച ശേഷം സ്വന്തം നിലയിൽ പരീഷണങ്ങൾ തുടങ്ങി. പല തവണ പരാജയപ്പെട്ടെങ്കിലും പനീറിന്റെ മികച്ച രുചിയും ഘടനയും ലഭിക്കുന്നതുവരെ ശ്രമിച്ചു. പിന്നീട് മികച്ച രുചിയിൽ സ്വയം പനീർ നിർമിച്ചു തുടങ്ങി.
ആദ്യമായി 10 കിലോ പനീറാണ് ബെംഗളൂരുവിൽ എത്തിച്ച് വിറ്റത്. പതുക്കെ, ഹോട്ടലുകൾ ഓർഡർ നൽകി. വെെകാതെ 50–100 കിലോ പനീർ വരെയൊക്കെ ഹോട്ടലുകൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. പിന്നീട് പാൽ വിൽക്കുന്നത് പൂർണ്ണമായും നിർത്തി പനീർ നിർമാണത്തിൽ മാത്രമായി ശ്രദ്ധ. രണ്ട് വർഷത്തിന് ശേഷം ബെംഗളൂരുവിനൊപ്പം ചെന്നൈ, കോയമ്പത്തൂർ റീട്ടെയിൽ വിപണികളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനായി.
വിജയത്തിലേക്കൊരു 'മിൽക്കി വേ'
2010ലാണ് മിൽക്കി മിസ്റ്റ് എന്ന പേരിൽ ബ്രാൻഡ് ഔദ്യോഗികമായി ആരംഭിക്കുന്നത്. കിടിലൻ ഒരു ടിവി പരസ്യവും നൽകി. പിന്നീടാണ് കമ്പനിയുടെ വേഗത്തിലുള്ള വളർച്ച. ഇന്ന് പനീർ മാത്രമല്ല, ഐസ്ക്രീം, ചോക്ലേറ്റുകൾ, വെണ്ണ, ചീസ്, തൈര്, മിൽക്ക് ഷേക്കുകൾ, മധുരപലഹാരങ്ങൾ തുടങ്ങി റെഡി-ടു-കുക്ക് ഇനങ്ങളും കമ്പനി നിർമിക്കുന്നുണ്ട്. 2,300 കോടി രൂപയിലേറെയാണ് വിറ്റുവരവ്.
പഠിക്കാം & സമ്പാദിക്കാം
Home
