image

7 Oct 2025 2:36 PM IST

Telecom

നെറ്റിന് സ്പീഡ് കൂടും; ഒടുവിൽ ബിഎസ്എൻഎൽ 5ജിയിലേക്ക്

MyFin Desk

നെറ്റിന് സ്പീഡ്  കൂടും;  ഒടുവിൽ ബിഎസ്എൻഎൽ 5ജിയിലേക്ക്
X

Summary

ബിഎസ്എൻഎൽ നെറ്റിൻ്റെ ​ഗുണനിലവാരം കൂടും


ഒടുവിൽ ബിഎസ്എൻഎലും 5ജി നെറ്റ്‍വർക്ക് വേ​ഗത്തിലാക്കുന്നു. അടുത്ത ആറു മുതൽ എട്ടു മാസങ്ങൾ​ക്കുള്ളിൽ 4ജി ടവറുകൾ 5ജിയിലേക്ക് അപ്​ഗ്രേഡ് ചെയ്യും. 2026 പകുതിയോടെ അപ്​ഗ്രഡേഷൻ പൂ‍ർത്തിയാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഈ രം​ഗത്തെ കടുത്ത മത്സരത്തെ അതിജീവിക്കാൻ സ്വകാര്യ ടെലികോം കമ്പനികൾക്കൊപ്പം ബിഎസ്എൻഎലും സജ്ജമാകുകയാണ്.

നെറ്റ്‍വർക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നും ഇൻ്റർനെറ്റിന് സ്പീഡ് വേണമെന്നുമുള്ള ഉപഭോക്താക്കളുടെ നാളുകളായുള്ള ആവശ്യത്തിനും മറുപടിയാകും. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത 4ജി നെറ്റ്‍വർക്കാണ് രാജ്യത്തേത്. സി-ഡോട്ട്, തേജസ് നെറ്റ്‌വർക്ക്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി‌സി‌എസ്) എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് 4ജിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.

രാജ്യത്ത് ഏകദേശം ഒരു ലക്ഷം പുതിയ ബി‌എസ്‌എൻ‌എൽ 4ജി മൊബൈൽ ടവറുകൾ നേരത്തെ സജ്ജീകരിച്ചിരുന്നു. ഇതാണ് അപ്​ഗ്രേഡ് ചെയ്യുന്നത്. പുതിയ ഒരു ലക്ഷത്തിലധികം ടവറുകൾ സ്ഥാപിക്കുകയാണ്.ഇവയും അപ്​ഗ്രേഡ് ചെയ്യും.ഇന്ത്യയിൽ തദ്ദേശീയമായ നെറ്റ്‍വർക്ക് വികസിപ്പിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.

എന്നാൽ ടിസിഎസ് ഇതിനാവശ്യമായ പ്രധാന സോഫ്റ്റ്‌വെയറായ റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് ഉൾപ്പെടെ വികസിപ്പിച്ചത് 22 മാസം കൊണ്ടാണ്. ഇന്ത്യയുടെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം നേരത്തെ തന്നെ 97.15 കോടിയിലെത്തിയിരുന്നു. ഇപ്പോൾ തന്നെ 25 കോടി മൊബൈൽ വരിക്കാർ 5ജി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎലിന് സേവനങ്ങൾ മെച്ചപ്പെടുത്താതെ തരമില്ല.

പ്രാദേശിക സാങ്കേതികവിദ്യയിൽ മുന്നേറ്റം

ആഗോളതലത്തിൽ തന്നെ പ്രാദേശിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 4ജി ടെലികോം നെറ്റ്‌വർക്ക് വികസിപ്പിച്ച വിരളം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നാല് രാജ്യങ്ങളാണ് ഇങ്ങനെ 4ജി നെറ്റ്‍വർക്ക് വികസിപ്പിച്ചിരിക്കുന്നത്. സ്വീഡൻ, ഫിൻലൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കാണ് ഇപ്പോൾ ഈ രം​ഗത്ത് ആധിപത്യം.