20 April 2025 4:44 PM IST
Summary
- ടെലികോം സ്ഥാപനത്തിന്റെ മൊത്തം കടബാധ്യതകള്‍ 33,568 കോടിയിലെത്തി
- 2024 ഓഗസ്റ്റ് മുതല്‍ 2025 ഫെബ്രുവരി വരെയാണ് തിരിച്ചടവില്‍ വീഴ്ചയുണ്ടായത്
വായ്പ തിരിച്ചടക്കുന്നതില്‍ പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎന്‍എല്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് എടുത്ത 8,346.24 കോടി രൂപയുടെ വായ്പയിലാണ് വീഴ്ച സംഭവിച്ചതെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.
ഏപ്രില്‍ 19 ലെ ഫയലിംഗ് പ്രകാരം, നഷ്ടത്തിലായ പൊതുമേഖലാ ടെലികോം സ്ഥാപനത്തിന്റെ മൊത്തം കടബാധ്യതകള്‍ 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 33,568 കോടി രൂപയിലെത്തി.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സമാഹരിച്ച 3,633.42 കോടി രൂപ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ 2,374.49 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യയുടെ 1,077.34 കോടി രൂപ എന്നിവ വായ്പയില്‍ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്ക് 464.26 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 350.05 കോടി രൂപ, യൂക്കോ ബാങ്കില്‍ നിന്ന് 266.30 കോടി രൂപ, മുതലും പലിശയും ഉള്‍പ്പെടെ 180.3 കോടി രൂപ എന്നിയുടെ തിരിച്ചടവും മുടങ്ങി.
2024 ഓഗസ്റ്റ് മുതല്‍ 2025 ഫെബ്രുവരി വരെയാണ് വായ്പ തിരിച്ചടവിലെ വീഴ്ചകള്‍ സംഭവിച്ചത്.
കമ്പനിയുടെ ആകെ കടത്തില്‍ 8,346 കോടി രൂപയുടെ ബാങ്ക് വായ്പ, 24,071 കോടി രൂപയുടെ സോവറിന്‍ ഗ്യാരണ്ടി (എസ്ജി) ബോണ്ട്, എസ്ജി ബോണ്ട് പലിശ അടയ്ക്കുന്നതിനായി ടെലികോം വകുപ്പില്‍ (ഡിഒടി) നിന്നുള്ള 1,151 കോടി രൂപയുടെ വായ്പ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഫയലിംഗില്‍ പറയുന്നു.