29 Nov 2023 5:41 PM IST
Summary
- സമ്മേളനം ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ
- സമ്മേളനത്തില്‍ തദ്ദേശീയമായ 'കസ്തൂരി കോട്ടണ്‍' അവതരിപ്പിക്കും
അന്താരാഷ്ട്ര പരുത്തി ഉപദേശക സമിതിയുടെ 81-ാമത് പ്ലീനറി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. സമ്മേളനം ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ മുംബൈയില്‍ നടക്കും. സമ്മേളനത്തില്‍ തദ്ദേശീയമായ 'കസ്തൂരി കോട്ടണ്‍' ആദ്യമായി പ്രദര്‍ശിപ്പിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരുത്തി മൂല്യ ശൃംഖലയുമായി ബന്ധപ്പെട്ട ആഗോള പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും -- ഉല്‍പ്പാദനക്ഷമത മുതല്‍ സുസ്ഥിര പരുത്തി വരെ, വിവിധ മികച്ച രീതികളും ശുപാര്‍ശകളും -- നാലു ദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ടെക്‌സ്‌റ്റൈല്‍സ് സെക്രട്ടറി രചന ഷാ പറഞ്ഞു. 35 രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിനിധികള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ പുതുമകള്‍ അവതരിപ്പിക്കാനുള്ള അവസരമാണിത്. അതില്‍ പ്രധാനം കസ്തൂരികോട്ടണ്‍ തന്നെയാണ്. കസ്തൂരി പരുത്തിയുടെ കണ്ടുപിടിത്തം സ്ഥാപിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര പരുത്തി ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് കസ്തൂരി പരുത്തി ഉല്‍പന്നങ്ങള്‍ ക്യുആര്‍ കോഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തി സമ്മാനിക്കുമെന്ന് ടെക്സ്‌റ്റൈല്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരുത്തി ഉപദേശക സമിതിയുടെ 81-ാമത് പ്ലീനറി സമ്മേളനത്തിന്റെ വിഷയം 'ആഗോള അഭിവൃദ്ധിക്കുവേണ്ടിയുള്ള പ്രാദേശിക കണ്ടുപിടുത്തങ്ങള്‍' എന്നതാണ്.