image

18 Aug 2025 12:55 PM IST

Textiles

യുഎസ് താരിഫ്; തമിഴ്‌നാട്ടില്‍ 30 ലക്ഷം തൊഴിലുകള്‍ പ്രതിസന്ധിയില്‍

MyFin Desk

യുഎസ് താരിഫ്; തമിഴ്‌നാട്ടില്‍ 30 ലക്ഷം   തൊഴിലുകള്‍ പ്രതിസന്ധിയില്‍
X

Summary

രാജ്യത്തെ നിറ്റ് വെയര്‍ കയറ്റുമതിയുടെ 68 ശതമാനവും തിരുപ്പൂരില്‍നിന്ന്


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ തമിഴ്നാട്ടിലെ 20,000 ഫാക്ടറികളെയും 30 ലക്ഷം തൊഴിലുകളെയും അപകടത്തിലാക്കിയതായി റിപ്പോര്‍ട്ട്.

ഇന്ത്യയുടെ നിറ്റ്വെയര്‍ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുപ്പൂര്‍ ഇപ്പോള്‍ എസ്ഒഎസ് (സേവ് ഔവര്‍ സോള്‍സ്) സന്ദേശം പുറപ്പെടുവിക്കുന്നു.

2,500 കയറ്റുമതിക്കാരും 20,000 ഒറ്റപ്പെട്ട യൂണിറ്റുകളുമുള്ള തിരുപ്പൂര്‍ ജില്ല ഇന്ത്യയുടെ നിറ്റ്വെയര്‍ കയറ്റുമതിയുടെ 68 ശതമാനവും സംഭാവന ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് 44,744 കോടി രൂപയുടെ വിറ്റുവരവ് നേടി. കോവിഡ് ലോക്ക്ഡൗണ്‍, പാശ്ചാത്യ സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം, റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി എന്നിവയ്ക്കിടയിലും ഇത് ഒരു അത്ഭുതകരമായ വളര്‍ച്ചയാണ് തിരൂപ്പൂര്‍ നേടിയത്.

യുഎസ്എ, യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഈ ജില്ലയില്‍നിന്നും വസ്ത്രങ്ങളെത്തുന്നു.അതില്‍ 40 ശതമാനം അമേരിക്കന്‍ ബിസിനസും 40 ശതമാനം യൂറോപ്പും, 10 ശതമാനം യുകെയുമാണ്.

യുഎസിലേക്ക് മാത്രം കയറ്റുമതി നടത്തുന്ന വ്യാവസായികളാണ് ഏറ്റവും വലിയ ആഘാതം നേരിടുന്നത്. നിലവില്‍ യുഎസ് കമ്പനികള്‍ ഓര്‍ഡറുകള്‍ റദ്ദാക്കി വരികയാണ്. അല്ലെങ്കില്‍ താരിഫിന്റെ ആഘാതം ഇന്ത്യന്‍ കമ്പനികള്‍ വഹിക്കണം എന്നതാണ് അമേരിക്കന്‍ വിതരണക്കാരുടെ നിലപാട്. ഓഗസ്റ്റ് 27-ന് ശേഷം ഓര്‍ഡറുകള്‍ കയറ്റുമതി ചെയ്യരുതെന്ന് എല്ലായുഎസ് കമ്പനികളും ആവശ്യപ്പെട്ടതായാണ് വിവരം.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. തമിഴ്നാടിന്റെ 52.1 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതിയുടെ 31% അമേരിക്കയിലേക്കാണ് പോയത്. ഇത് തമിഴ്‌നാടിന്റെ കയറ്റുമതിയില്‍ യുഎസ് ആശ്രയത്വത്തെ എടുത്തു കാണിക്കുന്നു.

ഇന്ത്യയുടെ തുണിത്തര കയറ്റുമതിയുടെ 28 ശതമാനവും തമിഴ്നാടില്‍ നിന്നാണെന്ന് എടുത്തുകാണിച്ച സ്റ്റാലിന്‍, താരിഫ് വര്‍ദ്ധനവ് ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

തുണിത്തര മേഖലയില്‍ ഏകദേശം 75 ലക്ഷം പേര്‍ ജോലി ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. യുഎസ് താരിഫ് ഏകദേശം 30 ലക്ഷം തൊഴിലവസരങ്ങള്‍ അപകടത്തിലാക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.