8 Sept 2025 3:47 PM IST
Summary
യുഎസ് താരിഫ്, വസ്ത്ര കയറ്റുമതിയെ സാരമായി ബാധിക്കും
രാജ്യത്തെ ടെക്സ്‌റ്റൈല്‍സ് മേഖലയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ആഘാതമെന്ന് ഐസിആര്‍എ. മേഖലയ്ക്ക് നല്‍കിയത് നെഗറ്റീവ് റേറ്റിങ്. വില്ലന്‍ താരിഫെന്നും റിപ്പോര്‍ട്ട്.
യുഎസ് താരിഫ്, വസ്ത്ര കയറ്റുമതിയെ സാരമായി ബാധിക്കും. അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും ഗുരുതര സാമ്പത്തിക ആഘാതമുണ്ടാവുക. അതിനാല്‍ മേഖലയുടെ റേറ്റിങ് സ്ഥിരതയുള്ള വളര്‍ച്ചാ പ്രതീക്ഷയില്‍ വെട്ടിച്ചുരുക്കി, നെഗറ്റീവ് വളര്‍ച്ചാ പ്രതീക്ഷയിലേക്ക് മാറ്റി. താരിഫുകള്‍ തുടരുകയാണെങ്കില്‍, മേഖലയുടെ വരുമാനം 6-9 ശതമാനം കുറയുമെന്നും ഏജന്‍സി വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 7.5 ശതമാനമായി കുറയും. 2025 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമായിരുന്ന പ്രവര്‍ത്തന ലാഭ മാര്‍ജിനില്‍ നിന്നാണ് ഈ കുത്തനെയുള്ള ഇടിവ് പ്രകടമാവുക. യുഎസ് ഇതര വിപണികളിലെ കുറഞ്ഞ ആവശ്യകത, ബംഗ്ലാദേശിന്റെയും വിയറ്റ്നാമിന്റെയും ശക്തമായ വിപണി സാന്നിധ്യം എന്നിവ കാരണം അഞ്ച് വര്‍ഷമായി ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയില്‍ ഇടിവുണ്ട്. ഇതിന് പിന്നാലെയാണ് യുഎസ് താരിഫ് കടന്ന് വരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ ഇതിന്റെ ആഘാതം മേഖലയില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.